ജിദ്ദ – സൗദി അറേബ്യയുടെ ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തിനും ജനങ്ങള്‍ക്കും കൂടുതല്‍ നേട്ടങ്ങളും വിജയങ്ങളും പ്രത്യാശിക്കുന്നതായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് വ്യക്തമാക്കി. ജിദ്ദയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു രാജാവ്. രാജ്യത്തിന് വലിയ അനുഗ്രഹങ്ങള്‍ നല്‍കുകയും, മക്കയിലെ വിശുദ്ധ ഹറമിന്റെയും മദീനയിലെ പ്രവാചക പള്ളിയുടെയും പരിചരണ ചുമതലയും ഹജ്, ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും സേവന ചുമതലയും നല്‍കി ആദരിക്കുകയും ചെയ്ത സര്‍വ്വശക്തനായ അല്ലാഹുവിന് രാജാവ് നന്ദിയും സ്തുതിയും പ്രകടിപ്പിച്ചു.
സൗദി അറേബ്യ ദേശീയ ദിനം ആഘോഷിക്കുമ്പോള്‍, രാഷ്ട്രവും ജനങ്ങളും എല്ലാ മേഖലകളിലും വളര്‍ച്ചയും പുരോഗതിയും കൈവരിക്കുമെന്ന് രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിലും പുണ്യസ്ഥലങ്ങള്‍, തീര്‍ഥാടകര്‍, പൗരന്മാര്‍, രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ എന്നിവര്‍ക്കെതിരായ ഏതൊരു ആക്രമണത്തെയും നിശ്ചയദാര്‍ഢ്യത്തോടെ നേരിടുന്നതിലും സൈനിക, സുരക്ഷാ മേഖലകളും ധീരരായ സുരക്ഷാ സൈനികരും വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്.
മക്കയെ ലക്ഷ്യം വെച്ച് ആവര്‍ത്തിച്ച് ആക്രമണം നടത്താനുള്ള ഹൂത്തി ഭീകര സായുധ സംഘത്തിന്റെ ശ്രമത്തെ രാജാവ് അപലപിച്ചു.
പുണ്യസ്ഥലങ്ങളുടെ പവിത്രത ലംഘിക്കുന്ന ഈ ഹീനമായ കുറ്റകൃത്യം ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതായി സല്‍മാന്‍ രാജാവ് പറഞ്ഞു. മേഖലയിലെ പുതിയ സംഭവവികാസങ്ങളും പ്രാദേശിക സ്ഥിരത വര്‍ധിപ്പിക്കാനും സമുദ്ര നാവിഗേഷന്റെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കാനുമുള്ള ശ്രമങ്ങളും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു.
രാഷ്ട്രങ്ങളുടെ സുരക്ഷ സംരക്ഷിക്കാനും ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാനും അന്താരാഷ്ട്ര വ്യാപാര, വിതരണ ശൃംഖലകളുടെ സംരക്ഷണത്തിനും സഹായിക്കുന്ന നിലക്ക്, രാജ്യങ്ങളുടെ പരമാധികാരം മാനിക്കല്‍, തര്‍ക്കങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം, അന്താരാഷ്ട്ര ജലപാതകളിലെ നാവിഗേഷന്റെ സുരക്ഷ ഉറപ്പാക്കല്‍ എന്നിവ വ്യവസ്ഥ ചെയ്യുന്ന അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങള്‍ പാലിക്കേണ്ടതിന്റെ അനിവാര്യത മന്ത്രിസഭാ യോഗം ഊന്നിപ്പറഞ്ഞതായി മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി വിശദീകരിച്ചു.







