ഫരീദാബാദ്: സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഫരീദാബാദിൽ സംഘർഷം. ആൺകുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറുകയും പെൺകുട്ടിയുടെ വീട് അടിച്ചുതകർക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ പൊലീസിനുനേരെ കല്ലേറുണ്ടായതിനെ തുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ടിട്ടു കോളനി പ്രദേശത്തെ ശിവ് ശക്തി എൻക്ലേവിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. സായ് നഗർ പാർട്ട്-2 സ്വദേശിയായ അർജുൻ (17) ആണ് മരിച്ചത്.
കൊലപാതകമെന്ന് അർജുന്റെ കുടുംബം
തന്റെ മകനെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയതാണെന്ന് അർജുന്റെ പിതാവ് ഭൂഷൺ ആരോപിച്ചു. “വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്കൂളിൽ നിന്ന് വീട്ടിലെത്തിയ അർജുനെ 2:30-ഓടെ ഒരു യുവാവ് വന്ന് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വൈകുന്നേരം 4:30-ഓടെയാണ് മകൻ മരിച്ച വിവരം അറിയുന്നത്. പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ മകൻ കയറിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്,” പിതാവ് പറഞ്ഞു. ഇരുവരും കഴിഞ്ഞ രണ്ട് വർഷമായി പരിചയക്കാരായിരുന്നുവെന്നും ഭൂഷൺ വ്യക്തമാക്കി. പെൺകുട്ടിയുടെ വീട്ടുകാരാണ് മകനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ആരോപണം നിഷേധിച്ച് പെൺകുട്ടിയുടെ കുടുംബം
എന്നാൽ, അർജുൻ തങ്ങളുടെ മകളെ നിരന്തരം ശല്യം ചെയ്തിരുന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. സ്കൂൾ അധികൃതർക്ക് പരാതി നൽകിയപ്പോൾ അർജുന്റെ ബന്ധുക്കൾ മാപ്പ് പറഞ്ഞിരുന്നുവെന്നും അവർ അവകാശപ്പെട്ടു. വ്യാഴാഴ്ച രാത്രി വൈകി അർജുൻ തങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ വാദം.
കേസെടുത്ത് പൊലീസ്
സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ബി.കെ. ആശുപത്രിയിലേക്ക് (BK Hospital) മാറ്റി. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ കൂടുതൽ പൊലീസിനെ വിന്യസിച്ചാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.ഇരുവിഭാഗത്തിന്റെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മരണകാരണത്തെക്കുറിച്ചും നടന്ന അക്രമസംഭവങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും ഖേരി പുൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ രാകേഷ് കുമാർ അറിയിച്ചു.







