മലപ്പുറം: പ്രവാസികളുടെ ജീവിതത്തിന് ആശ്വാസമാകേണ്ട പ്രവാസി ക്ഷേമപെൻഷൻ കൃത്യമായി ലഭ്യമാക്കണമെന്നും ഇൻഷുറൻസ് പ്രീമിയം തുക വർധന പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറം റിമാൽ സൊസൈറ്റി സംസ്ഥാന വ്യവസായ മന്ത്രിയും മലപ്പുറം എം.എൽ.എയുമായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നൽകി.
ജീവിതത്തിന്റെ നല്ലൊരു കാലം പ്രവാസലോകത്ത് ചെലവഴിച്ച് നാട്ടിൽ തിരിച്ചെത്തിയ വയോജനങ്ങൾക്കും സാധാരണക്കാരായ പ്രവാസികൾക്കും വലിയൊരു കൈത്താങ്ങാണ് ക്ഷേമപെൻഷനും ഇൻഷുറൻസും. ഇവയെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങൾ ഇന്ന് കേരളത്തിലുണ്ട്. എന്നാൽ പ്രവാസി പെൻഷൻ കഴിഞ്ഞ നാല് മാസമായി മുടങ്ങിക്കിടക്കുകയാണ്. സാമ്പത്തികമായും തൊഴിൽപരമായും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന പ്രവാസികളുടെ മേൽ പ്രവാസി ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധന കൂടി അടിച്ചേൽപ്പിക്കുന്നത് താങ്ങാനാവാത്ത അധിക ബാധ്യതയാണ്.
സംസ്ഥാനത്തിന്റെ സാമ്പത്തിക സന്തുലനത്തിന് വലിയ സംഭാവന നൽകുന്ന പ്രവാസി സമൂഹത്തിന്റെ ഈ അടിയന്തര ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളിൽ സമ്മർദ്ദം ചെലുത്തണമെന്നും റിമാൽ സൊസൈറ്റി ഭാരവാഹികൾ മന്ത്രിയോട് അഭ്യർത്ഥിച്ചു.
ഇക്കാര്യം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ചു വരികയാണെന്നും സാങ്കേതിക തടസ്സങ്ങൾ മറികടന്ന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും അധികൃതരും ശ്രമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രവാസി സമൂഹത്തിനോടുള്ള സർക്കാരിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.



