ദുബായ്- മെഹ്ഫിൽ ഇന്റർനാഷണൽ ദുബായിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലാ-സാംസ്കാരിക സംഗമം ‘മെഹ്ഫിൽ മേരെ സനം– സീസൺ 5’ ദുബായ് കെ.എം.സി.സി ഹാളിൽ വർണ്ണാഭമായി അരങ്ങേറി.
ഷാജി ഹനീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഷാനവാസ് കണ്ണഞ്ചേരി സ്വാഗതം ആശംസിച്ചു. ചെറുകഥാ മത്സരത്തിന് ലഭിച്ച രചനകളെക്കുറിച്ച് ജൂറി അംഗം രമേശ് പെരുമ്പിലാവ് സംസാരിച്ചു. ചെറുകഥാ മത്സര വിജയികൾക്കും അഞ്ചാമത് മെഹ്ഫിൽ ഇന്റർനാഷണൽ മ്യൂസിക് ആൽബം ഫെസ്റ്റിവലിലെ വിജയികൾക്കുമുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. സിറാജ് തളിക്കുളം, മോൾവി സന്തോഷ്, സി.പി. അനിൽകുമാർ, അഷറഫ് കൊടുങ്ങല്ലൂർ, കവി പി. ഗോപിനാഥ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
രമ്യ കെ. അവതരിപ്പിച്ച മോഹിനിയാട്ടവും ജന്നത് ജാസ്മിൻ അവതരിപ്പിച്ച സിനിമാറ്റിക് ഒപ്പനയും പരിപാടിയുടെ പ്രധാന ആകർഷണമായി. മെഹ്ഫിൽ അംഗങ്ങൾ അഭിനയിച്ച ഹ്രസ്വചിത്രത്തിന്റെ പ്രദർശനവും, മെഹ്ഫിൽ കരോക്കെ ടീം അവതരിപ്പിച്ച ഗാനമേളയും സദസ്സിന് മികച്ച അനുഭവമായി. ഷോർട് ഫിലിമിന്റെ യൂട്യൂബ് റിലീസ് ജാസ്മിൻ അമ്പലത്തിലകത്ത് നിർവഹിച്ചു.
മെഹ്ഫിൽന്റെ പുതിയ നാഴിക കല്ലായി മെഹ്ഫിൽ ലേഡീസ് വിങ് രൂപീകരിക്കുകയും ലോഗോ പ്രകാശനവും നടന്നു. സിനിമ സാംസ്കാരിക രംഗത്തെ പ്രമുഖരായ അഷ്റഫ് പീലാക്കൽ, സുമേഷ് ബാലകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മഞ്ജു പ്രതാപ്, ഫൈജാസ് , രാജൻ വർക്കല, ഗോപാൽ സുധാകർ എന്നിവർ സന്നിഹിതരായിരുന്നു. കല, സാഹിത്യം, സംഗീതം, സൗഹൃദം എന്നിവ സമന്വയിപ്പിച്ച സംഗമത്തിൽ നിരവധി കലാസ്നേഹികൾ പങ്കെടുത്തു.



