ന്യൂഡൽഹി– മകൻ അർജുൻ തെൻഡുൽക്കറുടെ വിവാഹത്തോടനുബന്ധിച്ച് രാഷ്ട്രീയ പ്രമുഖരെ ക്ഷണിക്കാൻ ഡൽഹിയിലെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം എക്‌സിൽ (X) പങ്കുവെക്കുകയും പിന്നീട് അത് നീക്കം ചെയ്ത് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തതാണ് വിവാദമായത്.
അർജുന്റെ വിവാഹത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെ സച്ചിനും കുടുംബവും നേരിട്ടെത്തിയാണ് ക്ഷണിച്ചത്. ഇതിന്റെ ചിത്രങ്ങൾ സച്ചിൻ തന്റെ എക്‌സ് ഹാൻഡിലിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധിക്കൊപ്പമുള്ള പോസ്റ്റ് മാത്രം നീക്കം ചെയ്തത് വലിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചു.
സച്ചിന്റെ നടപടിക്കെതിരെ കോൺഗ്രസ് കേരള ഘടകം രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രത്തിന് ലഭിച്ച വലിയ സ്വീകാര്യതയിൽ കേന്ദ്ര സർക്കാരിനുള്ള അരക്ഷിതാവസ്ഥയാണ് പോസ്റ്റ് നീക്കം ചെയ്യാൻ സച്ചിനെ പ്രേരിപ്പിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
വൈകിട്ട് 7:13-ന് മോദിക്കൊപ്പമുള്ള ചിത്രവും, തുടർന്ന് അമിത് ഷാ, രാഷ്ട്രപതി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും സച്ചിൻ പോസ്റ്റ് ചെയ്തു. രാത്രി 9:22-ന് രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു.
വെറും രണ്ട് മണിക്കൂറിനുള്ളിൽ ആറ് ലക്ഷത്തിലധികം വ്യൂസ് ലഭിച്ച ഈ പോസ്റ്റ് ഉടൻ നീക്കം ചെയ്യപ്പെട്ടുവെന്നും, പിന്നീട് ആളുകൾ ഉറങ്ങുന്ന സമയത്ത് (പുലർച്ചെ 12:19-ന്) വീണ്ടും പോസ്റ്റ് ചെയ്തത് മനഃപൂർവ്വം റീച്ച് കുറയ്ക്കാനാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. “രാജാവിന്റെ അരക്ഷിതാവസ്ഥയാണ്” ഇതിലൂടെ വ്യക്തമാകുന്നതെന്നും അവർ എക്‌സിൽ കുറിച്ചു.
അതേസമയം, പോസ്റ്റിലെ എന്തെങ്കിലും സാങ്കേതിക പിഴവുകളോ അക്ഷരത്തെറ്റുകളോ തിരുത്താനായിരിക്കാം സച്ചിൻ അത് നീക്കം ചെയ്തതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. സച്ചിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിൽ മാറ്റം വരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരമായ അർജുൻ തെൻഡുൽക്കറുടെയും സംരംഭക സാനിയ ചന്ദോക്കിന്റെയും വിവാഹം മാർച്ച് അഞ്ചിനാണ് നടക്കുന്നത്. മാർച്ച് മൂന്നിന് ആഘോഷങ്ങൾ ആരംഭിക്കും. വ്യവസായ പ്രമുഖൻ രവി ഘായിയുടെ കൊച്ചുമകളാണ് സാനിയ.



