ന്യൂദൽഹി- തെക്കുപടിഞ്ഞാറൻ ദൽഹിയിലെ സത്യ നികേതനിൽ കെട്ടിടം തകർന്നു വീണു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക. ഒരാളെയാണ് ഇതോടകം രക്ഷപ്പെടുത്തിയത്. മറ്റുള്ളവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് 1:30-ഓടെയാണ് അപകടമുണ്ടായത്. സംഭവം നടന്ന സ്ഥലത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയതായും ഫയർഫോഴ്സ് ജീവനക്കാർ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്നതായും ദൃശ്യങ്ങളിൽ കാണാം.
പേയിംഗ് ഗസ്റ്റ് താമസകേന്ദ്രമായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നത്. അപകടസമയത്ത് 50-ഓളം വിദ്യാർത്ഥികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായി ഒരു ദൃക്സാക്ഷി പറഞ്ഞു. ഞായറാഴ്ചയായതിനാൽ ഭൂരിഭാഗം പേരും മുറികളിൽ തന്നെയുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി. കോൺക്രീറ്റ് സ്ലാബിനടിയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതും, അത് ഉയർത്താൻ ആളുകൾ ബുദ്ധിമുട്ടുന്നതുമായ നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രമുഖ കോളേജുകൾ സമീപത്തുള്ളതിനാൽ വിദ്യാർത്ഥികൾ വൻതോതിൽ താമസിക്കുന്ന പ്രദേശമാണിത്.







