ദുബായ്- പ്രശസ്ത ഗായകൻ നിസാർ വയനാട് (44) അന്തരിച്ചു. ദുബായിലെ ആസ്റ്റർ മിംസ് ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ദുബായിലെത്തിയ നിസാറിന് പനി ബാധിച്ചിരുന്നു. ന്യൂമോണിയ ബാധിച്ചാണ് മരണം സംഭവിച്ചത്. ദുബായിൽ സ്റ്റേജ് ഷോക്ക് എത്തിയതായിരുന്നു നിസാർ. വയനാട് കമ്പളക്കാട് സ്വദേശിയായ നിസാർ, വിവിധ സംഗീത പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് കഴിഞ്ഞ മാസം യു.എ.ഇയിൽ എത്തിയത്. അടുത്ത ദിവസങ്ങളിൽ ദുബായിലും സൗദി അറേബ്യയിലും നടക്കാനിരുന്ന പരിപാടികളിൽ പങ്കെടുക്കാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.
നിരവധി ജനപ്രിയ മാപ്പിളപ്പാട്ട് ആൽബങ്ങളിൽ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മലയാള ചിത്രം ‘പ്രൊഫസർ ഡിങ്കൻ’, കൂടാതെ കന്നഡ സിനിമകളിലും പിന്നണി ഗായകനായി പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത ബോളിവുഡ് ഗായകൻ ഉദിത് നാരായണന്റെ ശബ്ദസാദൃശ്യമാണ് ഗാനമേള വേദികളിൽ നിസാറിനെ ഏറെ ശ്രദ്ധേയനാക്കിയത്. ബഹ്റൈനിൽ വെച്ച് ഉദിത് നാരായണനൊപ്പം വേദി പങ്കിടാനും അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു.
കമ്പളക്കാട് ഇറോത്ത് വീട്ടിൽ ഇബ്രായിയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: ഷഹന നിസാർ.
മക്കൾ: സിംബ്രീന, അംബ്രീന. സഹോദരങ്ങൾ: ബുഷറ, നസീറ, അൻസാർ. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കളും സന്നദ്ധ പ്രവർത്തകരും അറിയിച്ചു







