കുവൈത്ത് സിറ്റി – സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കി അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിന് മൂന്ന് പേരെ കുവൈത്ത് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു. വാഹനാഭ്യാസ പ്രകടനം നടത്തുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്. ആവശ്യമായ അന്വേഷണങ്ങള്‍ നടത്തി പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ സ്വീകരിച്ച് മൂവരെയും സെന്‍ട്രല്‍ ജയിലിലേക്ക് റഫര്‍ ചെയ്തു.
ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിള്‍ 33 അനുസരിച്ച്, ആഭ്യന്തര മന്ത്രാലയത്തിന് അനുകൂലമായി കണ്ടുകെട്ടാന്‍ ഉത്തരവിട്ട കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി അഭ്യാസ പ്രകടനത്തിന് ഉപയോഗിച്ച മൂന്ന് വാഹനങ്ങളും തകര്‍ത്തു. അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും റോഡ് ഉപയോക്താക്കളുടെ ജീവന് അപകടത്തിലാക്കുന്ന ആരും നിര്‍ദ്ദിഷ്ട നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്കി.
