കൊൽക്കത്ത- ഉത്സവകാലത്ത് എന്തു കഴിക്കണമെന്ന് ബംഗാളികൾക്ക് അറിയാമെന്നും അക്കാര്യം തീരുമാനിക്കാൻ ബാഗേശ്വർ ധാം മുഖ്യപൂജാരി ധീരേന്ദ്ര ശാസ്ത്രിക്ക് അവകാശമില്ലെന്നും പശ്ചിമ ബംഗാൾ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സമീക് ഭട്ടാചാര്യ. ദുർഗ്ഗാപൂജ വേളയിൽ ബംഗാളികൾ മാംസാഹാരം കഴിക്കുന്നതിനെ ചോദ്യം ചെയ്ത് ധീരേന്ദ്ര ശാസ്ത്രി രംഗത്തെത്തിയിരുന്നു. ഇതിനെയാണ് ബി.ജെ.പി അധ്യക്ഷൻ തള്ളിയത്.
ശാസ്ത്രി ‘മറ്റൊരു ലോകത്ത്’ നിന്നാണ് വരുന്നതെന്നും അദ്ദേഹത്തിന്റെ പരാമർശങ്ങളെക്കുറിച്ച് ബംഗാളികൾ വിഷമിക്കേണ്ടതില്ലെന്നും സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ സമീക് ഭട്ടാചാര്യ പറഞ്ഞു.
“ബാഗേശ്വർ ബാബ വരുന്നത് മറ്റൊരു ‘ദുനിയാ’യിൽ നിന്നാണ്. ബംഗാളിലെ ജനങ്ങൾ എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്ന് തീരുമാനിക്കാൻ ബാഗേശ്വർ ബാബയ്ക്ക് യാതൊരു അവകാശവുമില്ല. ബംഗാളികൾ മീനും ഇറച്ചിയും കഴിക്കുക തന്നെ ചെയ്യും. ബംഗാളികൾ മീനും ഇറച്ചിയും കഴിക്കുന്നതിനെ അനുകൂലിച്ച് വിവേകാനന്ദൻ സംസാരിച്ചിട്ടുണ്ട്. ബാഗേശ്വർ ബാബയോട് ഞങ്ങൾക്ക് വലിയ ബഹുമാനമുണ്ട്, എന്നാൽ അദ്ദേഹത്തിന്റെ പ്രസ്താവനയെക്കുറിച്ച് ബംഗാളികൾ ആശങ്കപ്പെടേണ്ടതില്ല,” ഭട്ടാചാര്യ പറഞ്ഞു.
പ്രതിപക്ഷ നേതാക്കളും ഈ വിവാദത്തോട് പ്രതികരിക്കുകയും ശാസ്ത്രിയുടെ പ്രസ്താവനയെ അപലപിക്കുകയും ചെയ്തു. “പുറത്തുനിന്ന് ആരെങ്കിലും വന്ന് കാര്യങ്ങളൊക്കെ തീരുമാനിക്കുകയാണെങ്കിൽ ബംഗാളിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് എന്ത് സംഭവിക്കും? ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ ദുർഗ്ഗാപൂജ കമ്മിറ്റികൾ ആരാധന നടത്തും. അവർ നിയമങ്ങൾ പാലിക്കും. ഇതിൽ ബാബ ബാഗേശ്വർ എവിടെ നിന്നാണ് വരുന്നത്?” തൃണമുൽ കോൺഗ്രസ് എം.പി സൗഗത റോയ് ചോദിച്ചു. “ദുർഗ്ഗാപൂജ സമയത്ത് ബംഗാളികൾ എന്ത് കഴിക്കണമെന്ന് നിശ്ചയിക്കാൻ ഒരു ബി.ജെ.പി ബാബയ്ക്കും കഴിയില്ല. അതിന് ഞങ്ങൾ അനുവദിക്കില്ല,” വെസ്റ്റ് ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവ് സുമൻ റോയ് ചൗധരി പറഞ്ഞു.
തൃണമുൽ ഭരണകാലത്ത് പശ്ചിമ ബംഗാളിൽ മതപരമായ പരിപാടികൾ നടത്താൻ അനുമതി നിഷേധിക്കപ്പെട്ടിരുന്ന ശാസ്ത്രിയെ അടുത്തിടെ വലിയ ആഘോഷങ്ങളോടെയാണ് ബി.ജെ.പി സ്വാഗതം ചെയ്തത്. ഞായറാഴ്ച ഹൗറയിൽ നടന്ന ഒരു മതപ്രഭാഷണത്തിലാണ്, ഉത്സവ വേളയിൽ ദുർഗ്ഗാ വിഗ്രഹങ്ങൾക്ക് സമീപം മാംസാഹാര വിൽപ്പന നിരോധിക്കണമെന്ന് ശാസ്ത്രി ആവശ്യപ്പെട്ടത്. ബംഗാളിലെ ഹിന്ദുക്കളോട് നവരാത്രി ആചരിക്കാനും ശാസ്ത്രി ആവശ്യപ്പെട്ടിരുന്നു. വീട്ടിലോ അയൽപക്കത്തോ ദുർഗ്ഗാ വിഗ്രഹം സ്ഥാപിക്കാൻ കഴിയില്ലെങ്കിൽപോലും, നിർദ്ദിഷ്ട ആചാരങ്ങൾ പാലിച്ച് ഭക്തിയോടെയും ആത്മാർത്ഥതയോടെയും ദേവിയെ ആരാധിക്കണമെന്നായിരുന്നു ‘ബാഗേശ്വർ ബാബ’ എന്നറിയപ്പെടുന്ന ശാസ്ത്രി നിർദ്ദേശിച്ചത്.
“ആർക്കാണ് മാംസാഹാര വിൽപ്പന നിർത്തേണ്ടത്? നിങ്ങളുടെ മൊബൈൽ ഫോൺ ലൈറ്റുകൾ തെളിയിച്ച് ഇത് വ്യക്തമാക്കൂ. ഈ സന്ദേശം പശ്ചിമ ബംഗാളിലെ ഓരോ വ്യക്തിയിലേക്കും എത്തേണ്ടതുണ്ട്, സർക്കാരിനെയും ഈ വിഷയം ധരിപ്പിക്കണം. ദുർഗ്ഗാപൂജ വേളയിൽ പശ്ചിമ ബംഗാളിലെ ഇറച്ചി, മദ്യക്കടകൾ അടഞ്ഞു കിടക്കണം. ദുർഗ്ഗാപൂജ സമയത്ത് മാംസാഹാരം കഴിക്കുന്നവർ അശുദ്ധരാണ്,” ശാസ്ത്രി കൂട്ടിച്ചേർത്തു.
ശാസ്ത്രിയുടെ പരാമർശങ്ങൾ ബംഗാൾ നിവാസികൾക്കിടയിൽ കടുത്ത വിമർശനത്തിന് വഴിവെച്ചു. ഈ പ്രസ്താവനകൾ ബംഗാളികളുടെ ഭക്ഷണരീതിക്കും പരമ്പരാഗത സാംസ്കാരിക പൈതൃകത്തിനും എതിരെയുള്ള ആക്രമണമാണെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെട്ടു.







