റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ റോഡരികിൽ കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം ചെങ്കവിള സ്വദേശി വിജയരാജിന്റെ (45) മൃതദേഹം നാട്ടിലെത്തിച്ചു. ചെങ്കവിള കടവില പുത്തൻവീട്ടിൽ ചെല്ലൻ–പൽസി ദമ്പതികളുടെ മകനാണ് വിജയരാജ് ചെല്ലൻ. ഭാര്യ: ഇഴിൽ പ്രഭ. മക്കൾ: ഷാരോൺ വിജയ്, ഷാന വിജയ്.
15 ദിവസം മുമ്പ് ബത്തയ്ക്കടുത്ത ഫർസ്ഥക്കിൽ റോഡിലൂടെ നടന്നുപോകുന്നതിനിടെ തളർച്ച അനുഭവപ്പെട്ട് വിജയരാജ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ആംബുലൻസും സ്ഥലത്തെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നാല് വർഷം മുമ്പ് നിർമ്മാണ മേഖലയിലെ തൊഴിലാളിയായാണ് വിജയരാജ് റിയാദിലെത്തിയത്. മൂന്ന് വർഷത്തോളം ഈ മേഖലയിൽ ജോലി ചെയ്ത ശേഷം പിന്നീട് മറ്റ് ജോലികളിലേക്ക് മാറി. ഇതിനിടെ നാല് മാസം മുമ്പ് ഇദ്ദേഹത്തിന്റെ ഇഖാമ (താമസരേഖ) കാലാവധി അവസാനിച്ചിരുന്നു. കൂടാതെ, ജോലി ആവശ്യത്തിനായി രണ്ട് ഇടങ്ങളിൽനിന്ന് കാർ വാടകയ്ക്കെടുത്ത വകയിൽ വലിയ തുക അടയ്ക്കാനുണ്ടായിരുന്നതിനാൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കുന്നതിൽ കാലതാമസം നേരിട്ടു.
കുടുംബത്തിന്റെ അഭ്യർത്ഥന കണക്കിലെടുത്ത് ഇന്ത്യൻ എംബസിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും വഹിച്ചത്. കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്.







