കുവൈത്ത് സിറ്റി- കുവൈത്തിലെ വിവിധയിടങ്ങളിൽ ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് പോക്കറ്റടി നടത്തിവന്ന മൂന്നംഗ ബംഗ്ലാദേശ് സ്വദേശികളെ ഫർവാനിയ ഗവർണറേറ്റിൽ നിന്ന് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ കമ്പനിയിലെ ടിക്കറ്റ് ഇൻസ്‌പെക്ടർ നൽകിയ പരാതിയെത്തുടർന്ന് ജലീബ് അൽ ശൂയൂഖ് പോലീസ് നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. നിരവധി യാത്രക്കാർ ബസിനുള്ളിൽ പോക്കറ്റടിക്കപ്പെട്ടതായി പരാതി ഉയർന്നതോടെ അധികൃതർ അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.
ബസുകൾക്കുള്ളിലെ നിരീക്ഷണ ക്യാമറകളിൽ (CCTV) നിന്നുള്ള ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ചത്. യാത്രക്കാരുടെ പണം കവരുന്നത് ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിരുന്നു. ബസിനുള്ളിൽ കൃത്രിമമായി തിക്കും തിരക്കുമുണ്ടാക്കി യാത്രക്കാരുടെ ശ്രദ്ധ മാറ്റിയ ശേഷമാണ് ഇവർ മോഷണം നടത്തിയിരുന്നത്. അറസ്റ്റ് ചെയ്യുമ്പോൾ ഇവരുടെ പക്കൽ നിന്ന് പോക്കറ്റടിച്ച് നേടിയതെന്ന് കരുതുന്ന 333 കുവൈത്തി ദീനാറും പോലീസ് കണ്ടെടുത്തു. പ്രതികളെ കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.



