ഷാർജ- ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പുതിയ ഭരണ സമിതി, സത്യപ്രതിഞ്ജ ചെയ്തു അധികാരമേറ്റെടുത്തു. ഗുബൈബയിലെ ഷാർജ ഇന്ത്യൻ സ്‌കൂളിൽ ശനിയാഴ്ച രാത്രി നടന്ന ചടങ്ങിലാണ് കെ. ബാലകൃഷ്ണൻ പ്രസിഡന്റും അഡ്വ. വൈ.എ. റഹീം ജനറൽ സെക്രട്ടറിയുമായ പുതിയ മാനേജിങ് കമ്മിറ്റി അധികാരമേറ്റത്.
ഇന്ത്യൻ കോൺസുലേറ്റിലെ പാസ്പോർട്ട് വിഭാഗം കോൺസൽ സുനിൽ കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. കെ. ബാലകൃഷ്ണൻ നാലാം തവണയാണ് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റാകുന്നത്. ജനറൽ സെക്രട്ടറിയായി ഇത് മൂന്നാം തവണയാണ് അഡ്വ. വൈ.എ. റഹീം ചുമതലയേറ്റത്. അഡ്വ. അൻസാർ താജ് ജോയിന്റ് ജനറൽ സെക്രട്ടറിയായും, അനിൽ ലാൽ പുരുഷോത്തമൻ ജോ. ട്രഷററായും ഓഡിറ്ററായി തങ്കച്ചൻ മണ്ഡപത്തിലും ഭരണ സമിതി അംഗങ്ങളായി വിജയിച്ച മതേതര ജനാധിപത്യ മുന്നണിയിലെ, അഭിലാഷ് രത്‌നാകരൻ, ജാഫർ കണ്ണാട്ട്, റോയ് മാത്യു, അനിൽ കുമാർ കെ.ജി പിള്ള എന്നിവരും ജനാധിപത്യ മുണിയിൽ നിന്നുള്ള പ്രദീഷ് ചിതറയും അബ്ദുൽ മനാഫും പ്രതിജ്ഞ ചൊല്ലി. വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ട്രഷറർ ജിബി ബേബി, കെ.കെ. താലിബ് എന്നിവർക്ക് ചടങ്ങിന് പങ്കെടുക്കാനായില്ല
വാശിയേറിയ ത്രികോണ മത്സരത്തിൽ കോൺഗ്രസ് അനുഭാവ പ്രവാസി സംഘടനയായ ഇൻകാസിന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ മുന്നണിയാണ് ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച് ഭരണം തിരിച്ചു പിടിച്ചത്. ഷാർജ എസ്.എസ്.ഡി എന്ന സർക്കാർ മന്ത്രാലയത്തിലെ അബ്ദുല്ല ബു അലി, ത്വയ്യിബ് അബ്ദുർറഹ്മാൻ, റിട്ടേണിങ് ഓഫീസർ പോൾ ടി. ജോസഫ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.







