കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ രക്ഷിതാക്കളുടെ പങ്കിനെ ഊന്നിപ്പറഞ്ഞുകൊണ്ട് ധാർമിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന പാരന്റിംഗ് സെഷനും അനുമോദന സദസ്സും ഐ.സി.എഫ്. ജിദ്ദ റീജിയണൽ കമ്മിറ്റിക്ക് കീഴിലുള്ള ഇമാം റാസി മദ്രസയുടെ ആഭിമുഖ്യത്തിൽ നടന്നു. ശറഫിയ ഓഡിറ്റോറിയത്തിൽ നടന്ന ഈ പരിപാടി രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമായ മാനുഷിക മൂല്യങ്ങൾ ഏതെങ്കിലും കാലഘട്ടത്തിൽ മാത്രം പ്രസക്തമല്ല, മറിച്ച് ശാശ്വതമായി നിലനിൽക്കേണ്ടവയാണെന്ന് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജ് മുൻ പ്രിൻസിപ്പലും പ്രമുഖ ഇസ്ലാഹീ പ്രഭാഷകനും എഴുത്തുകാരനുമായ ആരിഫ് സൈൻ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ നടന്ന ഖുർആൻ പഠിതാക്കളുടെ സംഗമത്തിൽ ‘മഹത്തായ മദീന വിദ്യാപീഠം’ എന്ന വിഷയത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.