റിയാദ്: ദക്ഷിണ സൗദിയിലെ ജിസാൻ റിഫൈനറിക്ക് നേരെ ഹൂത്തി വിമതർ നടത്തിയ ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടു. സൗദി ഊർജ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേപ്പാൾ സ്വദേശിയാണ് മരിച്ചത് എന്നാണ് പ്രാഥമിക വിവരം. വിവിധ രാജ്യക്കാരായ നിരവധി പേർക്ക് പരിക്കേറ്റു. ഹൂത്തികളുടെ വ്യോമാക്രമണത്തെ തുടർന്ന് റിഫൈനറിയിൽ തീപിടിത്തമുണ്ടായതായും തീ നിയന്ത്രണവിധേയമാക്കാനായെങ്കിലും റിഫൈനറിയിലെ ചില പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നതായും അധികൃതർ അറിയിച്ചു.
പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകി വരികയാണെന്നും അധികൃതർ വ്യക്തമാക്കി.മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ അധികൃതർ, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
ആക്രമണത്തിന് തൊട്ടുപിന്നാലെ അടിയന്തര രക്ഷാപ്രവർത്തക സംഘങ്ങളും വിദഗ്ധ സാങ്കേതിക സംഘങ്ങളും സ്ഥലത്തെത്തി പ്രവർത്തനം ആരംഭിച്ചതായും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ പശ്ചിമ യെമനിൽ ഹൂത്തി നിയന്ത്രണത്തിലുള്ള ഹുദൈദ ഗവർണറേറ്റിലെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചർ സഖ്യസേന തകർത്തു. ജിസാൻ റിഫൈനറി ആക്രമിക്കാൻ ഉപയോഗിച്ച ലോഞ്ചറാണിതെന്നും സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് ഉടനടിയുള്ള തിരിച്ചടിയായാണ് ഈ സൈനിക നടപടിയെന്നും സഖ്യസേന പ്രസ്താവനയിൽ വ്യക്തമാക്കി.



