ന്യൂയോര്‍ക്ക് – സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ ഹൂത്തികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ രക്ഷാ സമിതി ആവശ്യപ്പെട്ടു. സൗദി അറേബ്യക്കെതിരായ തുടര്‍ച്ചയായ ഹൂത്തി ആക്രമണങ്ങളെ യു.എന്‍ രക്ഷാ സമിതി ശക്തമായി അപലപിച്ചു. സൈനിക വര്‍ധനവ് അവസാനിപ്പിക്കണമെന്നും സിവിലിയന്മാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും രക്ഷാ സമിതി ആവശ്യപ്പെട്ടു.
സെപ്റ്റംബറില്‍ രക്ഷാ സമിതി റൊട്ടേഷന്‍ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഫ്രാന്‍സിന്റെ യു.എന്നിലെ സ്ഥിരം പ്രതിനിധി ജെറോം ബോണഫോണ്ട് വായിച്ച സംയുക്ത പ്രസ്താവനയിലാണ് കൗണ്‍സില്‍ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് പരിക്കേറ്റ, സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ഊര്‍ജ സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെ സൗദി അറേബ്യക്കെതിരായ തുടര്‍ച്ചയായ ഹൂത്തി ആക്രമണങ്ങളെ രക്ഷാ സമിതി അംഗങ്ങള്‍ ശക്തമായ വാക്കുകളില്‍ അപലപിച്ചതായി പ്രസ്താവന പറയുന്നു.
യെമനില്‍ പോരാട്ടം പുനരാരംഭിച്ചതും സൗദി അറേബ്യക്കും, ചെങ്കടലിലും ബാബ് അല്‍മന്ദബ് കടലിടുക്കിലും ഷിപ്പിംഗിനും നേരെയുള്ള വര്‍ധിച്ചുവരുന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍, സംഘര്‍ഷം വര്‍ധിച്ചതിനെ കുറിച്ചും സിവിലിയന്മാര്‍ക്കും പ്രാദേശിക സ്ഥിരതക്കും അത് ഉയര്‍ത്തുന്ന അപകടസാധ്യതകളെ കുറിച്ചും കൗണ്‍സില്‍ അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു.
ഹൂത്തികള്‍ അവരുടെ സൈനിക വര്‍ധനവ് ഉടന്‍ അവസാനിപ്പിക്കണമെന്നും സിവിലിയന്മാരെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ബാധിക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും രക്ഷാ സമിതി ആവശ്യപ്പെട്ടു. നാവിഗേഷന്‍ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും മാനിക്കേണ്ടത് പ്രധാനമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍, പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കണ്‍വെന്‍ഷന്‍ പാലിക്കേണ്ടത് അനിവാര്യമാണ്. ചെങ്കടലിലും ബാബ് അല്‍മന്ദബ് കടലിടുക്കിലും വാണിജ്യ കപ്പലുകളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളെയും ഭീഷണികളെയും കൗണ്‍സില്‍ അപലപിച്ചു. ഹൂത്തി ഗ്രൂപ്പിനെ ഇറാന്‍ പിന്തുണക്കുന്നതായി അമേരിക്കയും സഖ്യകക്ഷികളും ആരോപിക്കുന്നു.







