സൻആ- യമനിൽ ആഭ്യന്തര സംഘർഷം രൂക്ഷമായതിനെത്തുടർന്ന് മൂന്നാഴ്ചയ്ക്കുള്ളിൽ 71,000ത്തിലധികം കുട്ടികൾക്ക് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നതായി യുണിസെഫ് അറിയിച്ചു. രാജ്യത്ത് നിലനിൽക്കുന്ന അക്രമങ്ങളും അരക്ഷിതാവസ്ഥയും കുട്ടികളുടെ ജീവിതത്തെയും സുരക്ഷയെയും എത്രത്തോളം ഗുരുതരമായി ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. പലായനം ചെയ്ത കുട്ടികളും അവരുടെ കുടുംബങ്ങളും കടുത്ത മാനുഷിക പ്രതിസന്ധിയാണ് നേരിടുന്നത്.
യമനിൽ ഹൂത്തി വിമതരും സൗദി അറേബ്യയുടെ പിന്തുണയുള്ള സർക്കാർ സേനയും തമ്മിൽ നാല് വർഷത്തോളമായി നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ തകർന്നതിനെത്തുടർന്ന്, പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും തന്ത്രപ്രധാനമായ മലനിരകളിലുമാണ് നിലവിൽ സംഘർഷം ഏറ്റവും രൂക്ഷമായിരിക്കുന്നത്.
ഈ കാലയളവിൽ 71,000 കുട്ടികളടക്കം ഏകദേശം 1,30,000 പേർക്ക് പലായനം ചെയ്യേണ്ടി വന്നുവെന്നും അവരിൽ ഭൂരിഭാഗം പേരും തെക്കുപടിഞ്ഞാറൻ ഗവർണറേറ്റായ തായിസിൽ നിന്നോ അവിടെയുള്ള പ്രദേശങ്ങളിൽ നിന്നോ ആണ് കുടിയൊഴിപ്പിക്കപ്പെട്ടതെന്നും യമനിലെ യുണിസെഫ് പ്രതിനിധി അഖിൽ അയ്യർ ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സുരക്ഷിതമായി മാനുഷിക സഹായമെത്തിക്കാൻ കഴിയുന്ന പ്രദേശങ്ങളിൽ, മൊബൈൽ പോഷകാഹാര ടീമുകൾ വഴി സമീപ ആഴ്ചകളിൽ യുണിസെഫ് ഏകദേശം 2,900 കുട്ടികളെ പരിശോധിച്ചു. ഇതിൽ നാലിലൊരാളിലധികം കുട്ടികൾക്ക് തീവ്രമായ പോഷകാഹാരക്കുറവുള്ളതായും ഏകദേശം 200 പേർക്ക് അതിഗുരുതരമായ പോഷകാഹാരക്കുറവുള്ളതായും കണ്ടെത്തി. യമനിലെ പുതിയ സംഘർഷ പശ്ചാത്തലത്തിൽ യുണിസെഫ് അവരുടെ അടിയന്തര മാനുഷിക സഹായങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പലായനം ചെയ്യേണ്ടി വന്ന കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് ഏകദേശം 231,000 പേർക്ക് സഹായം എത്തിക്കാനാണ് യുണിസെഫ് നിലവിൽ പദ്ധതിയിടുന്നത്.
യമനിലെ മൂന്നാമത്തെ വലിയ നഗരമായ തായിസിന്റെ ഉൾപ്രദേശങ്ങളിലും, പടിഞ്ഞാറൻ-തെക്കൻ മേഖലകളിലും പോരാട്ടം അതിരൂക്ഷമാണ്. ഈ പ്രവിശ്യയിലെ മഖ്ബന, മൗസ എന്നീ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ വൻതോതിൽ ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്.
ചരക്കുകടത്തിന്റെ പ്രധാന പാതയായ ബാബൽ മന്ദാബ് കടലിടുക്കിലേക്ക് കണ്ണെത്തുന്ന ഈ മലനിരകൾ പിടിച്ചെടുക്കാൻ ഹൂത്തികൾ ശക്തമായ ശ്രമം നടത്തുന്നുണ്ട്. ഈ മലനിരകളുടെ നിയന്ത്രണം കൈക്കലാക്കിയാൽ സർക്കാർ സേനയുടെ ആസ്ഥാനമായ അദനെ പടിഞ്ഞാറൻ തീരത്തുനിന്ന് പൂർണ്ണമായി ഒറ്റപ്പെടുത്താൻ ഹൂതികൾക്ക് കഴിയും.
ചെങ്കടൽ തീരത്തെ തന്ത്രപ്രധാനമായ തുറമുഖ നഗരമാണിത്. മോഖയും അതിനോട് ചേർന്നുള്ള ദ്വീപുകളും ഹൂതി വിമതർ പിടിച്ചെടുത്തതോടെ ഇവിടെ സൗദി സഖ്യസേന ശക്തമായി തിരിച്ചടിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







