ജിദ്ദ- സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സ്വദേശി സംഗമം (TSS) ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ജിദ്ദയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ടി.എസ്.എസ് ലേഡീസ് വിങ് കൺവീനർ ഷൈമ നജീബ് യോഗത്തിൽ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഷബീർ സുബൈർദീൻ അധ്യക്ഷത വഹിച്ചു.
സൗദി അറേബ്യ കൈവരിച്ച അഭൂതപൂർവ്വമായ വളർച്ചയെക്കുറിച്ചും പ്രവാസികൾക്ക് രാജ്യം നൽകുന്ന സുരക്ഷിതത്വത്തെക്കുറിച്ചും പിന്തുണയെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
ടി.എസ്.എസ് ജനറൽ സെക്രട്ടറി മൻസൂർ കലാം ചടങ്ങിൽ സൗദി ദേശീയ ദിന സന്ദേശം കൈമാറി. ആഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികൾ നടത്തിയ ദേശീയ ദിന പ്രഭാഷണങ്ങൾ സദസ്സിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. സൗദിയുടെ സമ്പന്നമായ ചരിത്രവും വിഷൻ 2030-ന്റെ പ്രാധാന്യവും കുട്ടികൾ തങ്ങളുടെ പ്രസംഗങ്ങളിലൂടെ പങ്കുവെച്ചു.
സൗദി ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ ദേശീയ ദിന കേക്ക് മുറിക്കലും, കുട്ടികളും ലേഡീസ് വിങ് അംഗങ്ങളും അവതരിപ്പിച്ച സാംസ്‌കാരിക കലാപരിപാടികളും അരങ്ങേറി. ജോയിന്റ് കൺവീനർ നസ്വി ഫിനൂസ് പരിപാടിയുടെ അവതാരകയായിരുന്നു. ലേഡീസ് വിങ് കൾച്ചറൽ സെക്രട്ടറി ഐശ്വര്യ തരുൺ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ലേഡീസ് വിങ് അംഗങ്ങൾ പരിപാടികൾ നിയന്ത്രിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







