റിയാദ്/സൻആ: റിയാദിന് നേരെ ഹൂത്തികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം സഖ്യസേന വിജയകരമായി തടഞ്ഞു. ഇന്ന് രാവിലെ റിയാദ് ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തകർക്കുകയായിരുന്നുവെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
നേരത്തെ, നഗരത്തിൽ അപകടസാധ്യതയുള്ളതായി നാഷണൽ ഏർലി മുന്നറിയിപ്പ് പ്ലാറ്റ്ഫോം വഴി സിവിൽ ഡിഫൻസ് നഗരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. എല്ലാവരും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
3 വിമാനത്താവളങ്ങളും എണ്ണകേന്ദ്രങ്ങളും ആക്രമിച്ചതായി ഹൂത്തികൾ
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സൈനിക നീക്കം നടത്തിയതായി യെമനിലെ ഹൂത്തി വക്താവ് യഹ്യ സരീഅ് അവകാശപ്പെട്ടു.
- ആക്രമിച്ച കേന്ദ്രങ്ങൾ: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമാം, നജ്റാൻ വിമാനത്താവളങ്ങൾ, ഖമീസ് മുശൈത്തിലെ വ്യോമസേനാ താവളം, രണ്ട് എണ്ണ വ്യവസായ കേന്ദ്രങ്ങൾ, കിഴക്ക്-പടിഞ്ഞാറ് ക്രൂഡ് ഓയിൽ പൈപ്പ് ലൈൻ എന്നിവ ആക്രമിച്ചതായാണ് ഹൂത്തികളുടെ അവകാശവാദം.
‘മക്കയും മദീനയും ലക്ഷ്യമിട്ടിട്ടില്ല’
ഇസ്ലാമിലെ പുണ്യസ്ഥലങ്ങളായ മക്കയെയും മദീനയെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന ആരോപണം ഹൂത്തി സൈനിക വക്താവ് നിഷേധിച്ചു.



