അബഹ – ഹൂത്തി സായുധ സംഘം അസീര്‍ പ്രവിശ്യയിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ തകര്‍ന്നുവീണ് ഏഷ്യന്‍ വംശജനായ പ്രവാസിക്ക് പരിക്കേറ്റു. ഒരു കെട്ടിടത്തിനുള്ളിലെ നമസ്കാര സ്ഥലത്തിനും ഏതാനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഹൂത്തികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ത്തതിനെ തുടര്‍ന്ന് അസീര്‍ പ്രവിശ്യയിലെ അഹദ് റുഫൈദയിലാണ് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചത്. സംഭവത്തില്‍ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.
നജ്റാനില്‍ സ്കൂളിനു നേരെയും ഹൂത്തികള്‍ ആക്രമണം നടത്തി. സ്കൂളിന് കേടുപാടുകള്‍ സംഭവിച്ചു. ഇവിടെ ആര്‍ക്കും പരിക്കില്ല. പ്രൊജക്ടൈല്‍ ഉപയോഗിച്ചാണ് ഹൂത്തികള്‍ സ്കൂള്‍ ആക്രമിച്ചത്. തെക്കന്‍ സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിന് നേരെ ഹൂത്തികള്‍ തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തടഞ്ഞു തകര്‍ത്തതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
അതേസമയം, രാജ്യത്ത് വീണ്ടും പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധത്തില്‍ ഇറാന് അനുകൂല വിഭാഗവും സൗദി അറേബ്യ പിന്തുണക്കുന്ന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സൗദി സേന 94 തവണ ആക്രമണം നടത്തിയതായി യെമനിലെ ഹൂത്തികള്‍ അറിയിച്ചു. സംഘര്‍ഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടതു മുതല്‍ തങ്ങളുടെ കേന്ദ്രങ്ങള്‍ക്കുനേരെ സൗദി സേന നടത്തിയ ആക്രമണങ്ങളുടെ എണ്ണം 1,350 ആയി ഉയര്‍ന്നതായും, തങ്ങളുടെ നിയന്ത്രണത്തിലുള്ള യെമനിലെ പ്രദേശങ്ങളിലുടനീളം ഈ ആക്രമണങ്ങള്‍ നടന്നതായും ഹൂത്തികള്‍ വ്യക്തമാക്കി.







