മക്ക- മക്ക പ്രവിശ്യയിലെ റാനിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നേഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. നാല് നഴ്സുമാരും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായ സൗദി പൗരനുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. കോട്ടയം പാലാ സ്വദേശി ജെയ്സിമോൾ മാത്യു (36), കുരുമുളളൂർ ആനച്ചേരി അഞ്ചുക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ. തഞ്ചാവൂർ പട്ടുക്കോട്ടൈ സ്വദേശി ദേവമണി ഹെപ്സിബ (33), ചെന്നൈ സ്വദേശി വിജയലക്ഷ്മി (36) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് തമിഴ്നാട് സ്വദേശികളായ നഴ്സുമാർ. സൗദി സർക്കാരിന് കീഴിലുള്ള ഡിസ്പെൻസറികളിലെ ജീവനക്കാരായ ഇവർ മക്കയിലെ അൽഗഫയിലായിരുന്നു ജോലി ചെയ്തിരുന്നത്. വാരാന്ത്യ അവധി ദിനത്തിൽ സാധനങ്ങൾ വാങ്ങുന്നതിനായി റാനിയ പട്ടണത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനവും മറ്റൊരു വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച ഡ്രൈവർ സൗദി പൗരനാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







