ജിസാൻ/ഹുഫൂഫ്: സൗദി അറേബ്യയിൽ വെവ്വേറെയുണ്ടായ വീട്ടുതീപിടിത്തങ്ങളിൽ എട്ടു പേർക്ക് ദാരുണാന്ത്യം. ജിസാൻ പ്രവിശ്യയിൽ സൗദി വനിതയും നാലു മക്കളും പുക ശ്വസിച്ച് മരിച്ചപ്പോൾ, കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫിൽ എയർകണ്ടീഷണർ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തിൽ വയോധികയും രണ്ട് കൊച്ചുമക്കളും മരിച്ചു.
ജിസാനിൽ അമ്മയും നാല് മക്കളും മരിച്ചു
ജിസാൻ പ്രവിശ്യയിലെ സാംതക്ക് കിഴക്ക് അൽഖഫൽ മർകസിലെ അല്ലഖിയ ഗ്രാമത്തിലുള്ള വീട്ടിലാണ് ദുരന്തമുണ്ടായത്. പുക ശ്വസിച്ച് വഫാ മഹ്നശി (43), മക്കളായ വസൻ അബ്ദുറഹ്‌മാൻ മഹ്നശി (11), കയാൻ (10), സൗദ് (3), ഒരു വയസ്സുകാരി ലാന എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ കുടുംബനാഥൻ അബ്ദുറഹ്‌മാൻ ഹസ്സൻ ദാലിഹ് മഹ്‌നശിയെ സാംത ജനറൽ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ജിസാൻ കിംഗ് ഫഹദ് സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസും ആംബുലൻസ് സംഘവുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഹുഫൂഫിൽ എസി ഷോർട്ട് സർക്യൂട്ട്: മൂന്നു മരണം
കിഴക്കൻ പ്രവിശ്യയിലെ അൽഹസ ഹുഫൂഫിലുള്ള അൽഫവാരിസ് ഡിസ്ട്രിക്റ്റിലാണ് രണ്ടാമത്തെ അപകടം നടന്നത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിലെ എയർ കണ്ടീഷണറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്. നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടരുകയായിരുന്നു.
അപകടത്തിൽ 80 വയസ്സുള്ള മുത്തശ്ശിയും എട്ടും ഏഴും വയസ്സുള്ള രണ്ട് പേരക്കുട്ടികളുമാണ് മരിച്ചത്. കുഞ്ഞുങ്ങൾ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നു. മുത്തശ്ശി ആശുപത്രിയിൽ ചികിത്സയിലിരിക്കെ 48 മണിക്കൂറിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. സംഭവസമയത്ത് പത്തുപേർ വീട്ടിലുണ്ടായിരുന്നു. കുട്ടികളുടെ അമ്മ ഈ സമയം സ്ഥലത്തുണ്ടായിരുന്നില്ല.
അപകടത്തിൽ പരിക്കേറ്റ കുടുംബനാഥനെ ദമ്മാം സെൻട്രൽ ആശുപത്രിയിലേക്കും ഒരു മകനെ ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രിയിലേക്കും മാറ്റി. ഒരു ആൺകുട്ടിയും വീട്ടുജോലിക്കാരിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റ് രണ്ട് ആൺകുട്ടികൾ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചു.
മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ഹുഫൂഫ് അൽഖുദൂദ് ഖബർസ്ഥാനിൽ മറവു ചെയ്തു. സന്നദ്ധ സംഘടനകളായ ദാറുസ്സലാം അസോസിയേഷൻ, റഹ്‌മ സെന്റർ എന്നിവയുടെ നേതൃത്വത്തിലാണ് മയ്യിത്ത് പരിപാലനവും സംസ്കാര ചടങ്ങുകളും ഏകോപിപ്പിച്ചത്. ദുരന്തബാധിതരായ കുടുംബത്തിന് അടിയന്തര സഹായങ്ങളും പിന്തുണയും നൽകുന്നതിനായി അൽഫൈസലിയ ചാരിറ്റി സെന്റർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.




