റിയാദ്- സൗദി അറേബ്യയുടെ അറേബ്യൻ ഗൾഫ് തീരത്ത് പുതിയ ടൂറിസ്റ്റ് റെസിഡൻഷ്യൽ പ്രൊജക്ട് പ്രഖ്യാപിച്ചു. പൊതു നിക്ഷേപ നിധിയായ പി.ഐ.എഫ് ആണ് അൽ ഖഫ്ജി തീരത്ത് അത്യാധുനിക രീതിയിലുള്ള ടൂറിസ്റ്റ്- റെസിഡൻഷ്യൽ പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ വികസനത്തിനായി ‘ഗൾഫ് കോസ്റ്റ് ഡെവലപ്മെന്റ് കമ്പനി’ എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയും രൂപീകരിച്ചു. സൗദി- കുവൈത്ത് അതിർത്തിയോട് ചേർന്നുള്ള ഈ പ്രദേശത്തെ പ്രധാന ആഗോള തീരദേശ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് മെഗാ പ്രൊജക്റ്റിന്റെ ലക്ഷ്യം.
ഏകദേശം 20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിക്ക്, അറേബ്യൻ ഗൾഫ് തീരത്ത് 10 കിലോമീറ്റർ നീളമുള്ള മനോഹരമായ വാട്ടർഫ്രണ്ട് വിഭാവനം ചെയ്തിട്ടുണ്ട്
ആകെ 8 റെസിഡൻഷ്യൽ ഡിസ്ട്രിക്ടുകളിലായി 16,000ത്തിലധികം അത്യാധുനിക ഭവന യൂണിറ്റുകൾ നിർമ്മിക്കും. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോട്ടലുകളും ഏകദേശം 1,400 ഹോട്ടൽ മുറികളും ഒരുക്കും.
വിനോദസഞ്ചാരികളുടെ മനംമയക്കാന്‍ സൗദിയില്‍ ഈ വര്‍ഷം തുറക്കുന്ന ലക്ഷ്വറി ഹോട്ടലുകള്‍
ആഡംബര ബോട്ടുകൾക്കും യോട്ടുകൾക്കുമായി പ്രത്യേക ബോട്ട് മരീനകൾ, വാണിജ്യ സമുച്ചയങ്ങൾ, വിനോദ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും സജ്ജമാക്കും.
ആകെ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി പൂർത്തിയാക്കുക. ഇതിൽ ആദ്യ ഘട്ടം 2030ഓടെ പൂർത്തിയാകും. ആദ്യ ഘട്ടത്തിൽ 3 റെസിഡൻഷ്യൽ ഡിസ്ട്രിക്ടുകളാണ് തുറന്നുനൽകുക.
കുവൈത്ത് ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും സൗദിയിലെ പ്രാദേശിക വിനോദസഞ്ചാരികൾക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന മികട്ട കേന്ദ്രമായി ഖഫ്ജിയെ മാറ്റുകയാണ് ലക്ഷ്യം.







