റിയാദ്: ഖമീസ് മുഷൈത് ഗവർണറേറ്റിലെ അപകടാവസ്ഥ ഒഴിഞ്ഞതായി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ മുൻനിർത്തി അധികൃതർ നൽകുന്ന നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തുടർന്നും പാലിക്കണമെന്ന് ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു.
പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനും മുൻകരുതൽ നടപടിയുടെ ഭാഗമായി ജാഗ്രത പുലർത്തുന്നതിനുമാണ് നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്ഫോം ഫോർ എമർജൻസീസ് ഖമീസ് മുശൈത്തിൽ നേരത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്ന് അധികൃതർ വിശദീകരിച്ചു. രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനും ഏവരുടെയും സുരക്ഷ ഉറപ്പാക്കാനും സംഭവസ്ഥലങ്ങളിൽ കൂട്ടംകൂടുന്നതും ഫോട്ടോയോ വീഡിയോയോ പകർത്തുന്നതും പൂർണ്ണമായും ഒഴിവാക്കണം. ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രം കർശനമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ 998 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. മേഖലയിലെ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.







