അബുദാബി സൗദി അറേബ്യയുടെ ചെങ്കടൽ തീരത്തേക്ക് വിമാന സർവീസുമായി ഇത്തിഹാദ് എയർവേയ്‌സ്. തബൂക്ക് പ്രവിശ്യയിലെ റെഡ് സീ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് 2026 ഒക്ടോബർ 4 മുതൽ നേരിട്ടുള്ള പുതിയ സർവീസുകൾ ആരംഭിക്കുമെന്ന യു.എ.ഇയുടെ ദേശീയ എയർലൈനായ ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് അബുദാബിയിൽ നിന്ന് വർഷം മുഴുവനും ലഭ്യമാകുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
2026 ഒക്ടോബർ 4 മുതൽ ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ ഒരു സർവീസ് മാത്രമായിരിക്കും നടത്തുക. ഒക്ടോബർ 25 മുതൽ സർവീസുകളുടെ എണ്ണം ആഴ്ചയിൽ രണ്ടായി വർധിപ്പിക്കും. അബുദാബിയിൽ നിന്ന് റെഡ് സീ വിമാനത്താവളത്തിലേക്ക് ഏകദേശം മൂന്ന് മണിക്കൂറാണ് യാത്രാസമയം. എയർബസ് എ 320 വിഭാഗത്തിൽപ്പെട്ട വിമാനങ്ങളാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നത്. ഇതിൽ 8 ബിസിനസ് ക്ലാസ് സീറ്റുകളും 150 ഇക്കണോമി ക്ലാസ് സീറ്റുകളും ഒരുക്കിയിട്ടുണ്ട്
ഇതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുമുള്ള യാത്രക്കാർക്ക് അബുദാബി വഴി വളരെ എളുപ്പത്തിൽ ചെങ്കടൽ തീരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിച്ചേരാനാകും.
റിയാദ്, ജിദ്ദ, ദമാം, മദീന, അൽ ഖസീം എന്നിവയ്ക്ക് ശേഷം സൗദി അറേബ്യയിൽ ഇത്തിഹാദ് സർവീസ് നടത്തുന്ന ആറാമത്തെ നഗരമായി ഇതോടെ റെഡ് സീ മാറും. ടിക്കറ്റ് ബുക്കിംഗുകൾ എയർലൈൻസിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ ലഭ്യമാണ്.







