ജിദ്ദ: ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ അഭിമാന പദ്ധതിയായ ‘കരുതലിന്റെ സാന്ത്വന സ്പർശം’ കുടുംബ സുരക്ഷാ പദ്ധതി – 2026 ലോഞ്ചിംഗും കോഡിനേറ്റേഴ്സ് മീറ്റും സംഘടിപ്പിച്ചു. വേൾഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി പദ്ധതിയുടെ ബ്രോഷർ പ്രകാശനവും അംഗത്വ വിതരണ പ്രഖ്യാപനവും നിർവ്വഹിച്ചു. നീണ്ട 26 വർഷങ്ങളായി പ്രവാസികൾക്ക് വലിയൊരു ആശ്വാസമായി ഈ പദ്ധതി മുമ്പോട്ട് കൊണ്ടുപോകുന്നത് ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
അംഗം മരണപ്പെട്ടാൽ അഞ്ചു ലക്ഷം രൂപ വരെ ആശ്രിതർക്ക് നൽകുന്ന സഹായം, മരണാനന്തര കർമ്മങ്ങൾക്കായി നൽകുന്ന അടിയന്തര ധനസഹായം എന്നിവയ്ക്ക് പുറമെ, നിശ്ചിത വർഷം തുടർച്ചയായി അംഗത്വം തുടരുന്നവർക്ക് പ്രവാസം അവസാനിപ്പിച്ചു പോകുമ്പോൾ 25,000 രൂപ വരെ നൽകുന്ന ഫൈനൽ എക്സിറ്റ് ആനുകൂല്യവും പദ്ധതിയുടെ പ്രത്യേകതയാണ്. ചികിത്സാ സഹായം, അപകടം മൂലം സ്ഥിരമായി ജോലി ചെയ്യാൻ കഴിയാത്ത വിധം അംഗവൈകല്യം സംഭവിക്കുന്നവർക്കുള്ള സഹായം എന്നിവയും തുടർന്നും ലഭ്യമാക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. പ്രവാസം നിർത്തി നാട്ടിൽ പോവുകയും അംഗത്വം നഷ്ടപ്പെടുകയും ചെയ്തവർക്ക് വീണ്ടും ഈ പദ്ധതിയിൽ അംഗങ്ങളാകാൻ അവസരം നൽകുമെന്ന് സുരക്ഷാ സ്കീം ചെയർമാൻ അഷ്റഫ് മുല്ലപ്പള്ളി അറിയിച്ചു.
ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതം പറഞ്ഞു. ചെയർമാൻ കെ.കെ. മുഹമ്മദ്, ട്രഷറർ ഇല്യാസ് കല്ലിങ്കൽ, നാഷണൽ കെ.എം.സി.സി സെക്രട്ടറി നാസർ വെളിയങ്കോട്, ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, സെക്രട്ടറി നാസർ മച്ചിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കോഡിനേറ്റർമാർക്കായി സംശയ നിവാരണ സെഷനും സംഘടിപ്പിച്ചു. കുട്ടിപ്പ ഇരുമ്പുഴി ഖിറാഅത്ത് നിർവ്വഹിച്ചു. അബു കട്ടുപാറ നന്ദി പറഞ്ഞു.
ഫോട്ടോ ക്യാപ്ഷൻ: ‘കുടുംബ സുരക്ഷാ പദ്ധതി 2026’ ബ്രോഷർ പ്രകാശനം വേൾഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി നിർവ്വഹിക്കുന്നു.



