അബഹ – സന്ദർശകർക്ക് ദൃശ്യവിരുന്നൊരുക്കി സൗദി അറേബ്യയിലെ ഏറ്റവും ഉയരം കൂടിയ ജലധാര അസീർ പ്രവിശ്യയിലെ അൽവാദി റിസോർട്ടിൽ ഉദ്ഘാടനം ചെയ്തു. മിഡിൽ ഈസ്റ്റിലെ രണ്ടാമത്തെയും, ലോകത്തിലെ മൂന്നാമത്തെയും ഉയരം കൂടിയ ജലധാരയാണിത്. 16 ദശലക്ഷത്തിലധികം റിയാൽ ചെലവഴിച്ച് നിർമ്മിച്ച ഈ ജലധാരയ്ക്ക് 120 മീറ്റർ ഉയരമുണ്ട്. പ്രതിദിനം 70 ലക്ഷം ലിറ്ററിലധികം വെള്ളമാണ് ഇത് പമ്പ് ചെയ്യുന്നത്. അസീർ പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഈ ജലധാര ഇതിനകം മാറിക്കഴിഞ്ഞു.
മൂന്ന് ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള സംയോജിത ടൂറിസം പദ്ധതിയുടെ ഭാഗമാണ് ഈ ജലധാരയെന്ന് പ്രോജക്ട് മാനേജർമാർ വിശദീകരിച്ചു. വർഷം മുഴുവനും സന്ദർശകർക്കും കുടുംബങ്ങൾക്കും മികച്ച അനുഭവം പ്രദാനം ചെയ്യുന്ന പൂന്തോട്ടങ്ങൾ, ഫാമുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, തിയേറ്റർ, ഇൻഡോർ ഹാളുകൾ തുടങ്ങി വൈവിധ്യമാർന്ന വിനോദ-ടൂറിസ്റ്റ് സൗകര്യങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
അസീർ പ്രവിശ്യയുടെ പാരമ്പര്യവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത 60,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒരു പൈതൃക ഗ്രാമവും (ഹെറിറ്റേജ് വില്ലേജ്) ഈ റിസോർട്ടിന്റെ പ്രധാന ആകർഷണമാണ്. പ്രവിശ്യയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കടകളും പരമ്പരാഗത വിപണികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ, പ്രദേശത്തിന്റെ ചരിത്രവും പൈതൃകവും വ്യക്തമാക്കുന്ന സമഗ്ര പൈതൃക മ്യൂസിയം അടുത്ത മാസം ഇവിടെ തുറക്കും.
മ്യൂസിക്കൽ ഡാൻസിംഗ് ഫൗണ്ടൻ ഷോകൾ, നാടക പ്രകടനങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വിനോദ പരിപാടികളാണ് റിസോർട്ടിൽ സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകർ കൂട്ടിച്ചേർത്തു. ഉച്ചയ്ക്ക് 1:00 മണി മുതൽ അർധരാത്രി വരെ നീളുന്ന വ്യത്യസ്ത പരിപാടികളാണ് ഇവിടെ അരങ്ങേറുന്നത്. ഇത് അസീറിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കാനും വേനൽക്കാലത്ത് എത്തുന്ന സന്ദർശകർക്ക് പുത്തൻ അനുഭവം സമ്മാനിക്കാനും സഹായിക്കും.
ഉയർന്ന നിലവാരമുള്ള ടൂറിസം പദ്ധതികളിൽ നിക്ഷേപം നടത്തി ദേശീയ വികസനത്തെ പിന്തുണയ്ക്കുന്നതിൽ സ്വകാര്യ മേഖലയ്ക്കുള്ള പങ്കിനെ ഈ പദ്ധതി അടിവരയിടുന്നു. ടൂറിസം മേഖല വികസിപ്പിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള രാജ്യത്തിന്റെ വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി, സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനും രാജ്യത്തെ മുൻനിര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി അസീർ പ്രവിശ്യയുടെ സ്ഥാനം ഉയർത്താനും ഈ വൻ പദ്ധതി സഹായിക്കും.



