ജിദ്ദ – കഴിഞ്ഞ വർഷം 1.95 കോടി വിദേശ തീർഥാടകർ ഹജ്, ഉംറ കർമ്മങ്ങൾക്കായി സൗദി അറേബ്യയിൽ എത്തിയതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയുടെ വിഷൻ 2030 പദ്ധതികളുടെ വിജയകരമായ മുന്നേറ്റമാണ് ഇത് വ്യക്തമാക്കുന്നത്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിൽ മൊത്തത്തിലുള്ള സംതൃപ്തി നിരക്ക് 90 ശതമാനം കവിഞ്ഞതായി നാഷണൽ സെന്റർ ഫോർ പെർഫോമൻസ് മാനേജ്‌മെന്റ് (അദാ) വെളിപ്പെടുത്തി. ഹജ് തീർഥാടകർക്കിടയിൽ 91 ശതമാനവും ഉംറ തീർഥാടകർക്കിടയിൽ 94 ശതമാനവും സംതൃപ്തി രേഖപ്പെടുത്തിയത് സേവന സംവിധാനങ്ങളുടെ ദ്രുതഗതിയിലുള്ള വികസനത്തിന് തെളിവാണ്. 60-ലധികം സർക്കാർ വകുപ്പുകളുടെ ഏകോപിത ശ്രമങ്ങളും കൃത്യമായ ആസൂത്രണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പിൽഗ്രിംസ് സർവീസ് പ്രോഗ്രാം വ്യക്തമാക്കി.


കഴിഞ്ഞ ഹജ് സീസണിൽ 1,84,000-ലധികം വളണ്ടിയർമാർ വിവിധ സേവനങ്ങളിൽ പങ്കാളികളായത് സാമൂഹിക പങ്കാളിത്തത്തിന്റെയും സേവന സന്നദ്ധതയുടെയും ഉത്തമ ഉദാഹരണമായി മാറി. മക്കയിലും മദീനയിലുമായി പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട 18 ചരിത്ര സ്ഥലങ്ങൾ വികസിപ്പിച്ചത് തീർഥാടകർക്ക് ആത്മീയവും സാംസ്‌കാരികവുമായ പുതിയ അനുഭവം നൽകുന്നു. സർക്കാർ, സ്വകാര്യ, സന്നദ്ധ മേഖലകളുടെ സംയോജിത പ്രവർത്തനത്തിലൂടെ ഗുണനിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കാൻ സാധിച്ചു. തീർഥാടകരെ സ്വീകരിക്കുന്നതിൽ നൂതനമായ ഒരു ‘സൗദി മാതൃക’ കെട്ടിപ്പടുക്കാനും വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ ഓരോ തീർഥാടകനും അനുഭവവേദ്യമാക്കാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.



