ലണ്ടന്‍ – ലണ്ടനിലെ മേഫെയര്‍ പ്രദേശത്ത് ലക്ഷ്വറി വാച്ച് കവരാന്‍ ശ്രമിച്ച മോഷ്ടാവ് സൗദി ടൂറിസ്റ്റിനെ കുത്തിപ്പരിക്കേല്പിച്ചു. മോഷ്ടാവിന്റെ കുത്തേറ്റ സൗദി പൗരന്റെ കേസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യു.കെയിലെ സൗദി എംബസി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് വകുപ്പുകളുമായി തുടര്‍ച്ചയായ ഏകോപനം നടത്തുന്നുണ്ട്. സൗദി പൗരന് പൂര്‍ണ്ണമായി സുഖം പ്രാപിച്ച് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ ആവശ്യമായ പരിചരണവും പിന്തുണയും നല്‍കുമെന്നും എംബസി വ്യക്തമാക്കി.
സംഭവത്തിന്റെ സാഹചര്യങ്ങള്‍ ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് ഫോളോ-അപ്പ് ചെയ്യുന്നുണ്ടെന്ന് എംബസി പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. അന്വേഷണം വേഗത്തിലാക്കേണ്ടതിന്റെയും, സംഭവത്തിന്റെ എല്ലാ വിശദാംശങ്ങളും കണ്ടെത്തേണ്ടതിന്റെയും, ബാധകമായ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി കുറ്റവാളിയെ ഉത്തരവാദിത്തപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യം എംബസി ഊന്നിപ്പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ക്ക് തടയിടുന്ന നിലക്ക്, പൊതുസ്ഥലങ്ങളില്‍ പൗരന്മാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ വര്‍ധിപ്പിക്കാനും സന്ദര്‍ശകരെ സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ ബ്രിട്ടീഷ് അധികൃതര്‍ സ്വീകരിക്കണം. പൊതുസ്ഥലങ്ങളില്‍ ജാഗ്രത പാലിക്കാനും വിലപിടിപ്പുള്ള വസ്തുക്കള്‍ കൈവശം വെക്കുന്നത് ഒഴിവാക്കാനും എംബസി സൗദി പൗരന്മാരോട് അഭ്യര്‍ഥിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍, സഹായത്തിനും പിന്തുണക്കും എംബസിയുടെ സിറ്റിസണ്‍ അഫയേഴ്സ് ഹോട്ട്ലൈനില്‍ 0044 779 951 9495 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും എംബസി പറഞ്ഞു.
