റിയാദ്- യമനിൽ സൗദി അറേബ്യ നടത്തുന്ന മസാം പ്രൊജക്ടിന്റെ ഭാഗമായി ഒരാഴ്ചക്കുള്ളിൽ നിർവീര്യമാക്കിയത് 863 സ്ഫോടക വസ്തുക്കൾ. മസാമിന്റെ ഡിമൈനിംഗ് ടീമുകൾ ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 4 വരെയുള്ള ഒരാഴ്ചയ്ക്കുള്ളിലാണ് ഇത്രയും സ്ഫോടക വസ്തുക്കൾ കണ്ടെത്തി വിജയകരമായി നിർവീര്യമാക്കിയത്.
470 ആന്റി- ടാങ്ക് മൈനുകൾ, 384 പൊട്ടാത്ത വെടിക്കോപ്പുകൾ, 6 ആന്റി- പേഴ്സണൽ മൈനുകൾ, 3 ഐ.ഇ.ഡി കൾ എന്നിവയാണ് നിർവീര്യമാക്കിയത്
മഅ്രിബ്, ഏദൻ, തായിസ്, ഹുദൈദ, ഷബ്വ, ലഹീജ്, സാദ, സനാ, അൽ ബൈദ, അൽ ദെയ്ൽ ഗവർണറേറ്റുകളിലാണ് പരിശോധന നടത്തിയത്.
ഈ ഒരൊറ്റ ആഴ്ചയിലെ ദൗത്യത്തിലൂടെ മാത്രം യമനിലെ 1,94,994 ചതുരശ്ര മീറ്റർ ഭൂപ്രദേശമാണ് ലാൻഡ്മൈനുകളിൽ നിന്നും മറ്റ് അപകടങ്ങളിൽ നിന്നും പൂർണ്ണമായി വിമുക്തമാക്കിയത്.
പദ്ധതി ആരംഭിച്ച് ഇതുവരെ 5,89,188ലധികം കുഴി ബോംബുകളും മറ്റ് സ്ഫോടകവസ്തുക്കളും വിജയകരമായി നീക്കം ചെയ്തു.
യമനിൽ സ്ഥാപിച്ചിട്ടുള്ള കുഴിബോംബുകളും മറ്റ് സ്ഫോടകവസ്തുക്കളും നീക്കം ചെയ്യുന്നതിനായി സൗദി അറേബ്യ നടപ്പിലാക്കുന്ന മാനുഷിക പദ്ധതിയാണ് പ്രൊജക്റ്റ് മസാം. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ വഴി 2018 ജൂണിലാണ് പദ്ധതി ആരംഭിച്ചത്.
