വിദേശികളടക്കം 73 പേർക്ക് പരിക്കേറ്റു
റിയാദ്- സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യകളിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂത്തി ആക്രമണം. യമനിലെ ഹൂത്തി വിമതർ നടത്തിയ മിസൈൽ- ഡ്രോൺ ആക്രമണത്തിൽ വിദേശികളടക്കം 73 സാധാരണക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. അബഹ, ഖമീസ് മുഷൈത്ത്, ജിസാൻ, നജ്റാൻ തുടങ്ങിയവിടങ്ങളിലാണ് ആക്രമണമുണ്ടായത്. സാധാരണക്കാരെയും വ്യാപാര, സാമ്പത്തിക സ്ഥാപനങ്ങളും ലക്ഷ്യം വെച്ചാണ് ഹൂത്തികൾ ആക്രമണം നടത്തിയതെന്ന് സൗദി സഖ്യസേനാ വക്താവ് മേജർ തുർക്കി അൽ മാലികി പറഞ്ഞു
യമനിലെ യു.എൻ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ തകർന്നതിനെത്തുടർന്ന് സമീപകാലത്തുണ്ടായ ഏറ്റവും ശക്തമായ അതിർത്തി കടന്നുള്ള ആക്രമണമാണിത്.
സൗദി അറേബ്യയുടെ പരമാധികാരത്തിന് മേലുള്ള നഗ്നമായ ലംഘനമാണിതെന്നും ഹൂത്തികൾക്കെതിരെ കടുത്ത സൈനിക തിരിച്ചടി നൽകുമെന്നും സൗദി സഖ്യസേന അറിയിച്ചു.
ജൂലൈയിൽ സൗദിക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച ഹൂത്തികൾ സൗദിക്ക് നേരെ ആക്രമണം തുടരുകയാണ്. ചെങ്കടലിൽ സൗദി കപ്പലുകളും ആക്രമിക്കപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







