കുവൈത്ത് സിറ്റി – പൊതുവിദ്യാലയങ്ങളില്‍ അധികമായുള്ള 33,000 ലേറെ അധ്യാപകപരുടെ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ഘട്ടം ഘട്ടമായുള്ള പദ്ധതിയുടെ ഭാഗമായി 7,019 അധ്യാപകരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഈ അധ്യാപകരില്‍ ഭൂരിഭാഗവും അറബികളാണ്. മറ്റ് ചില രാജ്യക്കാരെയും പിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് സര്‍വീസില്‍ ആകെയുള്ള 91,761 അധ്യാപകരില്‍ 33,268 അധ്യാപകര്‍ അധികമാണെന്ന് മന്ത്രാലയം നടത്തിയ പഠനത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ഇവരെ ക്രമേണ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി മന്ത്രാലയം അറിയിച്ചു.
പഠനമനുസരിച്ച്, മൊത്തം അധ്യാപകരില്‍ 70.6 ശതമാനം കുവൈത്തികളും 10.1 ശതമാനം ഗള്‍ഫ് പൗരന്മാരും ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത ബിദൂന്‍ വിഭാഗത്തില്‍ പെട്ടവരും ബാക്കിയുള്ള 19.3 ശതമാനം അറബികളും മറ്റ് രാജ്യക്കാരുമാണ്. പിരിച്ചുവിട്ടവരെല്ലാം അവസാന വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 4.2 കോടി കുവൈത്തി ദീനാര്‍ ലാഭിക്കാന്‍ ഈ നടപടി സഹായിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. കുവൈത്തിന്റെ ചരിത്രത്തില്‍ അധ്യാപകര്‍ക്കിടയിലെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്.
വിവിധ വിദ്യാഭ്യാസ തലങ്ങളിലായി നിരവധി വിഷയങ്ങളില്‍ തൊഴില്‍ ശക്തി സൂചകങ്ങള്‍ മിച്ചം കാണിക്കുന്നുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു. ബോയ്‌സ് സ്‌കൂളുകില്‍ പ്രാഥമിക തലത്തില്‍ അറബി ഭാഷ, ഇംഗ്ലീഷ് ഭാഷ, ഇസ്ലാമിക വിദ്യാഭ്യാസം, കലാ വിദ്യാഭ്യാസം, സംഗീത വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ അധ്യാപകര്‍ ആവശ്യത്തില്‍ കൂടുതലാണ്. ഇന്റര്‍മീഡിയറ്റ് തലത്തില്‍ ഇസ്ലാമിക വിദ്യാഭ്യാസം, സാമൂഹിക പഠനം, കലാ വിദ്യാഭ്യാസം, സംഗീത വിദ്യാഭ്യാസം, വൈദ്യുതി, ഡെക്കറേഷന്‍ എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ അധികമാണ്. സെക്കന്‍ഡറി തലത്തില്‍ രസതന്ത്രം, തത്ത്വചിന്ത, ജിയോളജി, ഇസ്ലാമിക വിദ്യാഭ്യാസം, കലാ വിദ്യാഭ്യാസം, സംഗീത വിദ്യാഭ്യാസം, ജിയോഗ്രഫി എന്നീ വിഷയങ്ങളില്‍ അധ്യാപകര്‍ ആവശ്യത്തില്‍ കൂടുതലാണ്.
ഗേള്‍സ് സ്‌കൂളുകളില്‍ പ്രൈമറി തലത്തില്‍ ഗണിതം, അറബി ഭാഷ, കലാ വിദ്യാഭ്യാസം, ശാരീരിക വിദ്യാഭ്യാസം, സംഗീത വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലും ഇന്റര്‍മീഡിയറ്റ് തലത്തില്‍ സംഗീത വിദ്യാഭ്യാസം, ശാരീരിക വിദ്യാഭ്യാസം, ഇസ്ലാമിക വിദ്യാഭ്യാസം, ശാസ്ത്രം, ഗണിതം, അറബി ഭാഷ, വൈദ്യുതി എന്നീ വിഷയങ്ങളിലും അധ്യാപകര്‍ അധികമാണ്. സെക്കന്‍ഡറി തലത്തില്‍ ഫ്രഞ്ച് ഭാഷാധ്യാപകരുടെ എണ്ണം മാത്രമാണ് കൂടുതലുള്ളത്. കിന്റര്‍ഗാര്‍ട്ടന്‍ തലത്തില്‍ സംഗീത അധ്യാപകരുടെ എണ്ണവും ആവശ്യത്തില്‍ കൂടുതലാണ്.
ആവശ്യത്തില്‍ കൂടുതലുള്ള അധ്യാപകരുടെ പ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതി, ദേശീയ പ്രതിഭകളെ ശാക്തീകരിക്കുക, മാനവ വിഭവശേഷി, സാമ്പത്തിക വിഭവ മാനേജ്മെന്റിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുക, യഥാര്‍ഥ ആവശ്യങ്ങളെ അടിസ്ഥാനമാക്കി ഡാറ്റാധിഷ്ഠിത സമീപനത്തിലൂടെ അധ്യാപക ജീവനക്കാരുടെ കുറ്റമറ്റ ഉപയോഗം ഉറപ്പാക്കുക എന്നിവക്കുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. സ്‌കൂള്‍ സ്ഥിരത, വിദ്യാഭ്യാസ നിലവാരം, പഠിതാക്കളുടെ താല്‍പ്പര്യങ്ങള്‍ എന്നിവ ഈ പദ്ധതി നിലനിര്‍ത്തുമെന്നും മന്ത്രാലയം സ്വീകരിക്കുന്ന എല്ലാ തീരുമാനങ്ങളുടെയും നടപടികളുടെയും അടിസ്ഥാനമായി ഇത് തുടരുന്നതായും കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.







