മദീന – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മദീനയിലെ മസ്ജിദുന്നബവിയിൽ സന്ദർശനം നടത്തി. പ്രവാചക പള്ളി സന്ദര്‍ശിച്ച് റൗദ ശരീഫില്‍ (പ്രവാചകന്റെ ഖബറിനും പ്രസംഗപീഠത്തിനും ഇടയിലുള്ള സ്ഥലം) നമസ്‌കാരം നിര്‍വഹിച്ചു. പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെയും രണ്ട് അനുചരന്മാരുടെയും ഖബറിടങ്ങളില്‍ കിരീടാവകാശി സിയാറത്ത് നടത്തി അവര്‍ക്ക് സലാം ചൊല്ലുകയും ചെയ്തു. മസ്ജിദുന്നബവിയിലെത്തിയ കിരീടാവകാശിയെ ഹറം മതകാര്യ മേധാവി ശൈഖ് ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസും ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയും മസ്ജിദുന്നവബിയിലെ ഇമാമുമാരും ഖത്തീബുമാരും ചേര്‍ന്ന് സ്വീകരിച്ചു.




മദീന ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ രാജകുമാരന്‍, മദീന ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ നഹാര്‍ ബിന്‍ സൗദ് രാജകുമാരന്‍, സൗദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രി ശൈഖ് സ്വാലിഹ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ്, ഉന്നത പണ്ഡിതസഭ അംഗവും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവുമായ ശൈഖ് ഡോ. സഅദ് ബിന്‍ നാസര്‍ അല്‍ശത്‌രി, മറ്റു മന്ത്രിമാര്‍ എന്നിവര്‍ കിരീടാവകാശിയെ അനുഗമിച്ചു. ഇന്ന് പുലര്‍ച്ചെ സൗദി ഗ്രാന്‍ഡ് മുഫ്തിയും പണ്ഡിതരും മന്ത്രിമാരും പൗരപ്രമുഖരും റിയാദ് അല്‍യെമാമ കൊട്ടാരത്തിലെത്തി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ സന്ദര്‍ശിച്ച് റമദാന്‍ ആശംസകള്‍ നേര്‍ന്നിരുന്നു.







