കോഴിക്കോട്: സഹോദരന്റെ മരണവാർത്തയറിഞ്ഞ് പ്രവാസലോകത്തുനിന്നും നാട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണ് മരിച്ചു. ഫ്രാൻസിസ് റോഡ് മനന്തലപ്പാലം സ്വദേശി പി.ടി. നാസറിന്റെ (50) മരണവിവരമറിഞ്ഞ് ഓടിയെത്തിയ സഹോദരി നസീമ (47) ആണ് മരണപ്പെട്ടത്. ഒരേ ദിവസം അടുത്തടുത്ത മണിക്കൂറുകളിൽ സംഭവിച്ച ഇരുനൊമ്പരങ്ങളും നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.
ശനിയാഴ്ച രാവിലെയാണ് നാസർ മരണപ്പെടുന്നത്. വിവരമറിഞ്ഞ് ഉടൻ തന്നെ നസീമ മനന്തലപ്പാലത്തെ വീട്ടിലേക്ക് എത്തുകയായിരുന്നു. എന്നാൽ പ്രിയപ്പെട്ടവന്റെ വേർപാട് താങ്ങാനാവാതെ നസീമ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പന്നിയങ്കര മേഖല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.വി. നജീബിന്റെ ഭാര്യയാണ് അന്തരിച്ച നസീമ. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ണംപറമ്പ് ഖബർസ്ഥാനിൽ മറവുചെയ്തു.



