കോഴിക്കോട്: ജിദ്ദയിലെ പ്രവാസി വ്യവസായി ജെ.എൻ.എച്ച് മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികൾ പോലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. ഇന്ന് കോഴിക്കോട് ജില്ലയിലെ പെരുവയലിൽ സ്വകാര്യ വില്ലയിലാണ് പ്രതികൾ അതിക്രമം നടത്തിയത്. പ്രതികൾ കൊടശ്ശേരി താഴത്തെ സ്വകാര്യ വില്ലയിൽ ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പാലക്കാട് എസ്.ഐ.ടി പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് സ്ഫോടക വസ്തുക്കൾ എറിഞ്ഞത്. പോലീസിന് നേരെ പ്രതികൾ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയു ചെയ്തു. നാലു പോലീസുകാർക്ക് പരിക്കേറ്റു.
തുടർന്ന് മാവൂർ, കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. സംഭവ സമയത്ത് അഞ്ചു പേരാണ് മുറിയിൽ ഉണ്ടായിരുന്നത് ഇതിൽ ഒരാൾ ഓടി രക്ഷപ്പെട്ടിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
വ്യവസായിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ രണ്ടാം പ്രതിയായ വിഷ്ണു സൽമാൻ, ആട് ഷമീർ, ഡേവിസ് ജാംസൺ എന്നിവരാണ് പിടിയിലായത്. രണ്ടാഴ്ച മുമ്പാണ് അഞ്ച് പേരും പെരുവയൽ കൊടശ്ശേരി താഴത്തെ വില്ലയിൽ താമസം ആരംഭിച്ചത്. നേരത്തെ നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായ നാല് പേരും. ഇവർ എങ്ങനെയാണ് പെരുവയൽ വില്ലയിൽ എത്തിയതെന്ന് പരിശോധനയും പോലീസ് ആരംഭിച്ചു.
കൂടാതെ ഇവരുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളുംപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.സ്ഫോടക വസ്തു വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി.



