ജിദ്ദ – പരിശുദ്ധ ഹജ് കര്‍മ്മം നിര്‍വഹിക്കാന്‍ സൗദിയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് 15 ദിവസം ശമ്പളത്തോടു കൂടിയ അവധിക്ക് അവകാശമുള്ളതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദി തൊഴില്‍ നിയമം അനുസരിച്ച് ഹജ് അവധിക്ക് അര്‍ഹതയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ചട്ടങ്ങളും മന്ത്രാലയം വിശദീകരിച്ചു. ഒരേ തൊഴിലുടമയുടെ അടുത്ത് തുടര്‍ച്ചയായി രണ്ട് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് ബലിപെരുന്നാള്‍ അവധി ഉള്‍പ്പെടെ ഹജ് നിര്‍വഹിക്കാന്‍ 10 മുതല്‍ 15 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അവകാശമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
മുമ്പ് ഹജ് കര്‍മ്മം ചെയ്തിട്ടില്ലാത്ത ജീവനക്കാര്‍ക്ക് ഹജ് നിര്‍വഹിക്കുന്നതിന് അവരുടെ മുഴുവന്‍ തൊഴില്‍ കാലയളവിലും ഒരു തവണയാണ് ശമ്പളത്തോടുകൂടിയ അവധിക്ക് അവകാശമുള്ളത്. പ്രവര്‍ത്തന ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി, പ്രതിവര്‍ഷം ഈ അവധി അനുവദിക്കുന്ന ജീവനക്കാരുടെ എണ്ണം നിര്‍ണ്ണയിക്കാന്‍ തൊഴിലുടമകള്‍ക്ക് അധികാരമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.



