തിരുവനന്തപുരം: കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വദ്രയുടെ ചിത്രപ്രദർശനം അതിന്റെ പൂർണ്ണരൂപത്തിൽ കേരളത്തിൽ സംഘടിപ്പിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. റൈഹാന്റെ ചിത്രപ്രദർശനം ദൽഹിയിൽ അധികൃതർ തടഞ്ഞിരുന്നു. ഇതു സംബന്ധിച്ച് പ്രിയങ്ക ഗാന്ധി എക്സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്ത കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഈ നിലപാട് വ്യക്തമാക്കിയത്.
ഡൽഹിയിൽ രാജസ്ഥാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബിക്കാനീർ ഹൗസിൽ സംഘടിപ്പിച്ച റൈഹാൻ വദ്രയുടെ ‘നോ ഐഡിയ ഈസ് ഫൈനൽ’ (No Idea Is Final) എന്ന ചിത്രപ്രദർശനത്തിലെ ഭൂരിഭാഗം ഫോട്ടോകളും ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു.
ഈ സംഭവത്തെ വിമർശിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി പങ്കുവെച്ച കുറിപ്പിൽ, “അധികാരത്തിലിരിക്കുന്ന ഒരാൾ മറ്റൊരാളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഭയന്നു തുടങ്ങുമ്പോൾ, താൻ സംരക്ഷിക്കാൻ ശ്രമിക്കുന്ന അതേ അധികാരം തന്നെയാണ് തനിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് അവൻ അറിയുന്നില്ല. നീ സത്യത്തിനൊപ്പം നിലകൊള്ളൂ, മനോഹരമായതെല്ലാം സ്വയം നിന്നെ തേടിയെത്തും” എന്ന് വ്യക്തമാക്കിയിരുന്നു.
പ്രിയങ്കയുടെ ഈ പോസ്റ്റ് പങ്കുവെച്ചാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളത്തിലേക്ക് റൈഹാന്റെ പ്രദർശനത്തെ സ്വാഗതം ചെയ്തത്. റൈഹാൻ വദ്രയുടെ ചിത്രപ്രദർശനം യാതൊരുവിധ തടസ്സങ്ങളോ ഒഴിവാക്കലുകളോ ഇല്ലാതെ പൂർണ്ണ രൂപത്തിൽ കേരളത്തിൽ സംഘടിപ്പിക്കുന്നതിൽ സന്തോഷവും അഭിമാനവുമേയുള്ളൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, വന്യജീവികളെയും സംസ്കാരത്തെയും കേന്ദ്രീകരിച്ചുള്ള പ്രദർശനങ്ങൾ മാത്രമാണ് ബിക്കാനീർ ഹൗസിൽ അനുവദിക്കാറുള്ളതെന്നും റൈഹാന്റെ ഫോട്ടോഗ്രാഫുകളിൽ രാഷ്ട്രീയ സന്ദേശങ്ങൾ അടങ്ങിയിട്ടുണ്ടെന്നുമായിരുന്നു സംഘാടകരുടെ വിശദീകരണം. പ്രദർശനത്തിനു വെച്ച 105 ഫോട്ടോകളിൽ 74 എണ്ണം നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടതായും, ഇതിൽ ദേശീയ പതാക ഉൾപ്പെടുന്ന ചിത്രങ്ങളും ഉൾപ്പെട്ടിരുന്നുവെന്നും റൈഹാൻ വദ്ര വ്യക്തമാക്കി.



