റിയാദ്: സ്പോൺസർഷിപ്പ് മാറ്റമോ ഇഖാമ സ്റ്റാറ്റസ് മാറ്റമോ കൂടാതെ തന്നെ, പ്രീമിയം ഇഖാമ ഉടമകളുടെ ആശ്രിതർക്ക് സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അനുമതി. രണ്ടു വർഷം വരെ കാലാവധിയുള്ള നിയമപരമായ കരാറുകൾക്ക് കീഴിൽ ജോലി ചെയ്യാനാണ് അവസരം. അജീർ (Ajeer) പ്ലാറ്റ്ഫോം ഡയറക്ടർ നഹ്ല അൽ അബ്ദാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അജീർ പ്ലാറ്റ്ഫോം വഴി ലഭ്യമാകുന്ന ഈ സേവനം പൂർണ്ണമായും പ്രീമിയം ഇഖാമ ഉടമകളുടെ ആശ്രിതർക്ക് മാത്രമുള്ളതാണ്. പ്രീമിയം ഇഖാമ ഉടമയുടെ ആശ്രിത പദവി നിലനിർത്തിക്കൊണ്ടുതന്നെ തൊഴിൽ കരാറിലേർപ്പെടുന്ന സ്ഥാപനങ്ങൾക്കായി ജോലി ചെയ്യാൻ ഇതിലൂടെ സാധിക്കും. സൗദി തൊഴിൽ വിപണിയിൽ പ്രവാസി കുടുംബങ്ങളിലെ ലഭ്യമായ പ്രതിഭകളെ പ്രയോജനപ്പെടുത്താൻ നിയമപരമായ വഴി തുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് റിയാദ് ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വെർച്വൽ വർക്ക്ഷോപ്പിലാണ് അജീർ പ്ലാറ്റ്ഫോമിന്റെ പുതിയ സേവനങ്ങളെക്കുറിച്ച് വിശദീകരിച്ചത്. സൗദിയിലെ താത്കാലിക, കരാർ തൊഴിൽ സാധ്യതകൾ വർക്ക്ഷോപ്പ് അവലോകനം ചെയ്തു.
തൊഴിൽ വിപണിയിലെ താത്കാലിക തൊഴിലാളികളുടെ സേവനം വ്യവസ്ഥാപിതമാക്കാനും, ലഭ്യമായ മാനവ വിഭവശേഷിയുടെ കാര്യക്ഷമത വർധിപ്പിച്ച് വിദേശത്തുനിന്നുള്ള പുതിയ റിക്രൂട്ട്മെന്റ് കുറയ്ക്കാനുമായി 2013-ലാണ് അജീർ പ്ലാറ്റ്ഫോം പ്രവർത്തനം ആരംഭിച്ചത്.



