ബുറൈദ– അൽഖസീം പ്രവിശ്യയിലെ ഉനൈസയിൽ അനധികൃതമായി ബിനാമി ബിസിനസ് നടത്തിയ സംഭവത്തിൽ മൂന്ന് പ്രവാസികളും രണ്ട് സൗദി പൗരന്മാരുമടക്കം അഞ്ച് പേർക്ക് കോടതി പിഴ ചുമത്തി. 20,000 റിയാലാണ് ഉനൈസ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്.
സൗദി പൗരന്മാരായ അഹ്മദ് അബ്ദുറഹ്മാൻ അൽഹസൂൻ, സാമി ഫഹദ് ബിൻ സിന്ദ് അൽമുതൈരി, ഈജിപ്ഷ്യൻ പൗരന്മാരായ താഹിർ മുഹമ്മദ് അൽസയ്യിദ് മുഹമ്മദ്, ആതിഫ് അൽമുതവല്ലി അനീസ് മുതാവ, ബംഗ്ലാദേശ് സ്വദേശി അബ്ദുൽമന്നാൻ ലൈത് സൈനാത്ത് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
‘ഇന്റർനാഷണൽ സേഫ്റ്റി എസ്റ്റാബ്ലിഷ്മെന്റ്’, ‘അൽമുതൈരി ട്രാൻസ്പോർട്ടേഷൻ എസ്റ്റാബ്ലിഷ്മെന്റ്’ എന്നീ സ്ഥാപനങ്ങളുടെ കൊമേഴ്സ്യൽ രജിസ്ട്രേഷനുകൾ ദുരുപയോഗം ചെയ്താണ് സൗദി പൗരന്മാരുടെ മറവിൽ പ്രവാസികൾ സ്വന്തമായി ബിസിനസ് നടത്തിവന്നത്. പ്രതികളുടെ പേരുവിവരങ്ങളും കുറ്റകൃത്യവും ശിക്ഷയും ഇവരുടെ സ്വന്തം ചെലവിൽ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.
ബിനാമി ഇടപാടുകൾക്ക് കർശന ശിക്ഷ
സൗദി അറേബ്യയിൽ ബിനാമി ബിസിനസ് കേസുകളിൽ കുറ്റക്കാരാകുന്നവർക്ക് അഞ്ച് വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയുമാണ് നിയമപ്രകാരം ലഭിക്കുക. ഇതിനുപുറമെ നിയമവിരുദ്ധ സമ്പത്ത് പൂർണ്ണമായും കണ്ടുകെട്ടൽ, സ്ഥാപനം അടച്ചുപൂട്ടലും കൊമേഴ്സ്യൽ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കൽ, കുറ്റക്കാരായ സ്വദേശികൾക്ക് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിന് വിലക്ക്, കുടിശ്ശികയുള്ള സകാത്ത്, ഫീസ്, നികുതികൾ എന്നിവ പൂർണ്ണമായി ഈടാക്കൽ, ശിക്ഷാ കാലാവധിക്ക് ശേഷം പ്രവാസികളെ നാടുകടത്തലും പുതിയ തൊഴിൽ വിസയിൽ സൗദിയിൽ പ്രവേശിക്കുന്നതിന് സ്ഥിരമായി വിലക്കേർപ്പെടുത്തലും എന്നീ വിധ ശിക്ഷാനടപടികളും നേരിടേണ്ടിവരും.



