ദുബൈ– ജനവാസ മേഖലകളിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്ത കാർ ദുബൈ പോലീസ് പിടിച്ചെടുത്തു. ദുബൈ മറീനയിൽ മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്ന വിധത്തിൽ വാഹനം വെട്ടിച്ചും അമിതവേഗതയിലും ഓടിച്ചതിനാണ് നടപടി. ട്രാഫിക് പട്രോളിംഗ് വിഭാഗം വാഹനം തിരിച്ചറിയുകയും നിയമനടപടികൾ സ്വീകരിക്കുകയുമായിരുന്നുവെന്ന് പോലീസ് തിങ്കളാഴ്ച അറിയിച്ചു.
റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ജനവാസ കേന്ദ്രങ്ങളിലെ ശബ്ദമലിനീകരണവും ഗതാഗത തടസ്സങ്ങളും കുറയ്ക്കുന്നതിനുമായി നടപ്പിലാക്കുന്ന ‘ക്വയറ്റ് റോഡ്‌സ്’ (Quiet Roads) പദ്ധതിയുടെ ഭാഗമായാണ് ഈ നടപടിയെന്ന് ട്രാഫിക് വിഭാഗം ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു. പൊതുനിരത്തുകളിൽ അഭ്യാസപ്രകടനം നടത്തുന്നതും അമിതവേഗതയിൽ പായുന്നതും വരിതെറ്റിച്ചുള്ള അപകടകരമായ ഡ്രൈവിംഗും യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ വാഹനം കണ്ടുകെട്ടുന്നതും കോടതിയിലേക്ക് കൈമാറുന്നതും ഉൾപ്പെടെയുള്ള കർശന ശിക്ഷകൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളും പട്രോളിംഗും പ്രധാന റോഡുകളിൽ ശക്തമാക്കിയിട്ടുണ്ട്. നിയമലംഘനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും പോലീസ് സ്വീകരിക്കുക. ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരെങ്കിലും അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പോലീസ് ആപ്പിലെ ‘പോലീസ് ഐ’ (Police Eye) സേവനം വഴി വിവരം അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.



