റിയാദ് – ലോക ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനൊ റൊണാള്‍ഡോ ബൂട്ടണിയുന്ന മുന്‍നിര സൗദി ഫുട്‌ബോള്‍ ക്ലബ്ബ് ആയ അന്നസറിലെ ബ്രസീലിയന്‍ വനിതാ ഫുട്‌ബോള്‍ താരം കാത്ലീന്‍ സൂസ ഇസ്‌ലാം സ്വീകരിച്ചു. ഇസ്‌ലാം മതം സ്വീകരിച്ചതായും വിശുദ്ധ റമദാന്‍ മാസം ആചരിക്കാന്‍ തയാറെടുക്കുന്നതായും നിലവില്‍ സൗദി അറേബ്യയിലെ അന്നസര്‍ എഫ്.സിയില്‍ കളിക്കുന്ന, മുമ്പ് സ്പെയിനിലെ റയല്‍ മാഡ്രിഡില്‍ അംഗമായിരുന്ന കാത്ലീന്‍ സൂസ അറിയിച്ചു. ചെറിയ ചുവടുവെപ്പുകള്‍, ഞാന്‍ ശരിയായ പാത കണ്ടെത്തി, ഞാന്‍ മാറ്റം തേടുന്നു എന്ന അടിക്കുറിപ്പോടെ മക്കയില്‍ വിശുദ്ധ ഹറമില്‍ ഹിജാബ് ധരിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ സൂസ തന്റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ശ്രദ്ധ നേടി. മണിക്കൂറുകള്‍ക്കുള്ളില്‍ പോസ്റ്റിന് രണ്ടു ലക്ഷത്തിലേറെ വ്യൂസും ആയിരക്കണക്കിന് ലൈക്കുകളും ലഭിച്ചു.
കാത്‌ലീന്‍ സൂസയുടെ ഇസ്‌ലാം ആശ്ലേഷണ പ്രഖ്യാപനം അന്നസര്‍ ക്ലബ്ബ് ആഘോഷിച്ചു. ഇതിന്റെ വീഡിയോ അന്നസര്‍ ക്ലബ്ബ് തങ്ങളുടെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോം അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ഞങ്ങളുടെ കളിക്കാരി കാത്ലീന്‍ സൂസ ഇസ്ലാം മതം സ്വീകരിച്ചതിലൂടെ അവരുടെ ജീവിതത്തിലെ സവിശേഷ നിമിഷം ഞങ്ങള്‍ പങ്കുവെക്കുന്നു. അവര്‍ക്ക് സ്ഥൈര്യം നല്‍കാനും അവരുടെ ഹൃദയത്തില്‍ സമാധാനവും ശാന്തിയും നിറക്കാനും ദൈവത്തോട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു – ക്ലബ്ബ് പറഞ്ഞു. ഞാന്‍ ശരിയായ പാത കണ്ടെത്താനും എന്റെ ഏറ്റവും മികച്ച പതിപ്പാകാനും ശ്രമിക്കുകയായിരുന്നു, അത്രമാത്രം – തന്റെ വികാരങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് വീഡിയോയില്‍ കാത്‌ലീന്‍ സൂസ പറഞ്ഞു.
https://twitter.com/i/status/2023508039031259331



