മസ്‌കത്ത്: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന എണ്ണടാങ്കറിന് നേരെ ആക്രമണം നടന്നതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (UKMTO) സെന്റര്‍ അറിയിച്ചു. വ്യാഴാഴ്ച ഒമാന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വെച്ചാണ് സംഭവം. അജ്ഞാത പ്രൊജക്‌റ്റൈല്‍ പതിച്ച് ടാങ്കറില്‍ തീപിടിത്തമുണ്ടായെങ്കിലും ജീവനക്കാര്‍ ഉടന്‍ തന്നെ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
നേരത്തെ, കഴിഞ്ഞ ചൊവ്വാഴ്ചയും സമാന രീതിയില്‍ മേഖലയിലൂടെ കടന്നുപോയ നാല് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഒക്ടോബര്‍ 1 പുലര്‍ച്ചെ മുതല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സമുദ്രഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചതായി കപ്പല്‍ ചലനങ്ങള്‍ നിരീക്ഷിക്കുന്ന ‘മറൈന്‍ട്രാഫിക്’ പ്ലാറ്റ്‌ഫോമിലെ ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു.
മേഖലയിലെ സുരക്ഷാ ആശങ്കകളും ഭീഷണികളും കാരണം, തുറമുഖങ്ങളെ ആശ്രയിക്കുന്നതിന് പകരം കടലില്‍ വെച്ച് തന്നെ ഒരു കപ്പലില്‍ നിന്ന് మరൊരു കപ്പലിലേക്ക് എണ്ണ കൈമാറ്റം ചെയ്യുന്ന (Ship-to-Ship transfer) രീതി വീണ്ടും വ്യാപകമായിട്ടുണ്ട്. അസംസ്‌കൃത എണ്ണ ആഗോള വിപണികളിലേക്ക് എത്തിക്കുന്നതിനായി, ഉപരോധങ്ങള്‍ മറികടക്കാന്‍ ഇറാന്‍ മുമ്പ് ഈ രീതി ഉപയോഗിച്ചിരുന്നു. നിലവിലെ സംഘര്‍ഷ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലുടനീളം ഈ രീതിയുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധരും മാധ്യമ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നു.
ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ സൈനിക നടപടികള്‍ക്ക് ശേഷം ഹോര്‍മുസ് കടലിടുക്ക് കടുത്ത യുദ്ധസമാന സാഹചര്യത്തിലാണ്. ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും (LNG) കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണിത്. വാണിജ്യ കപ്പലുകളുടെ സഞ്ചാരം തടയുന്ന ഇറാന്‍, നിയമവിരുദ്ധമായി അതിര്‍ത്തി കടക്കുന്നുവെന്നാരോപിച്ച് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താറുണ്ട്. ഇതിന് മറുപടിയായി ഇറാന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയാണ് അമേരിക്ക ചെയ്തത്. മേഖലയില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നുണ്ടെങ്കിലും, സെപ്റ്റംബര്‍ 1 ന് ശേഷം ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ അമേരിക്ക പുതിയ ആക്രമണങ്ങളൊന്നും നടത്തിയിട്ടില്ല.







