വാഷിംഗ്ടണ്‍ – ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതും ഇറാനുമായുള്ള ചര്‍ച്ചകളുടെ ഭാവിയും വിശകലനം ചെയ്യാനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ അടിയന്തിര യോഗം ചേര്‍ന്നതായി യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വളരെ സെന്‍സിറ്റീവ് ആയ സമയത്താണ് കൂടിക്കാഴ്ച നടന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിക്കും. യു.എസും ഇറാനും തമ്മിലുള്ള പുതിയ റൗണ്ട് ചര്‍ച്ചകള്‍ക്ക് ഇതുവരെ തീയതി നിശ്ചയിച്ചിട്ടുമില്ല. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ എത്താന്‍ കഴിയുമെന്ന് ട്രംപ് പ്രസ്താവിച്ച് 24 മണിക്കൂറിനുള്ളില്‍, ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടക്കുകയാണെന്ന് ഇറാന്‍ ശനിയാഴ്ച പ്രഖ്യാപിച്ചു. ഇതോടൊപ്പം ജലപാതയില്‍ ഏതാനും കപ്പലുകളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ട്രംപ് ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയത്.
ഇറാനുമായുള്ള അടുത്ത ഘട്ട ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബിസെന്റ് എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥര്‍ വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സുസി വെല്‍സ്, പ്രസിഡന്‍ഷ്യല്‍ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, സി.ഐ.എ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ്, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കീന്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. ഇറാനുമായുള്ള ചര്‍ച്ചകളില്‍ വൈകാതെ പുരോഗതി കൈവരിക്കാതിരിക്കുന്നത് ദിവസങ്ങള്‍ക്കുള്ളില്‍ യുദ്ധം പുനരാരംഭിക്കുന്നതിലേക്ക് നയിക്കുമെന്ന് മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങളെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് വിസമ്മതിച്ചു.



