ബെയ്‌റൂത്ത് – ശനിയാഴ്ച രാത്രി തെക്കന്‍ ലെബനോനിലെ നാല് ഗ്രാമങ്ങളിലെ ഏതാനും വീടുകള്‍ ഇസ്രായില്‍ സൈന്യം തകര്‍ത്തു. ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തല്‍ ഉണ്ടായിരുന്നിട്ടും സൈന്യം നിലയുറപ്പിച്ചിരുന്ന തെക്കന്‍ ലെബനോന്‍ നഗരമായ ബിന്‍ത് ജബെയിലില്‍ ഇന്നലെ രാത്രി ഇസ്രായില്‍ സൈന്യം പൊളിച്ചുമാറ്റല്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി ഔദ്യോഗിക ലെബനീസ് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖിയാം, മര്‍കബ, തൈബ തുടങ്ങിയ അതിര്‍ത്തി ഗ്രാമങ്ങളിലും സമാനമായ പ്രവര്‍ത്തനങ്ങള്‍ ഇസ്രായില്‍ സൈന്യം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. വെടിനിര്‍ത്തല്‍ ലംഘിച്ച് ലെബനോനിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ ആക്രമണം നടത്തുകയും ഖിയാം ഗ്രാമത്തിലേക്കുള്ള മുഴുവന്‍ വഴികളും അടക്കുകയും ചെയ്തു.
തെക്കന്‍ ലെബനോനിലെ സുരക്ഷാ മേഖല ഇസ്രായില്‍ സൈന്യം ശുദ്ധീകരിക്കുമെന്ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് തൊട്ടുപിന്നാലെ ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്‌സ് പ്രസ്താവിച്ചു. ഇസ്രായില്‍ അതിര്‍ത്തിക്കു സമീപമുള്ള ലെബനീസ് ഗ്രാമങ്ങളിലെ വീടുകള്‍ നശിപ്പിക്കപ്പെടും. അവ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ലെബനോനില്‍ ഇസ്രായില്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളില്‍ ഹിസ്ബുല്ല പോരാളികള്‍ പ്രതികരിക്കുമെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നഈം ഖാസിം മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കല്‍ ഇരു വിഭാഗത്തിന്റെയും ഉത്തരവാദിത്തമായിരിക്കണമെന്ന് ഹിസ്ബുല്ല നേതാവ് പറഞ്ഞു. പത്ത് ദിവസത്തെ വെടിനിര്‍ത്തല്‍ എല്ലാ ശത്രുതകളുടെയും പൂര്‍ണ്ണമായ വിരാമം എന്നാണ് അര്‍ഥമാക്കുന്നത്. ഹിസ്ബുല്ല പോരാളികള്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് നഈം ഖാസിം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ആക്രമണത്തില്‍ പരിക്കേറ്റ് വെള്ളിയാഴ്ച തെക്കന്‍ ലെബനോനില്‍ തങ്ങളുടെ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം ശനിയാഴ്ച അറിയിച്ചു. വെള്ളിയാഴ്ചയുണ്ടായ സംഭവത്തില്‍ 48 കാരനായ, ഫസ്റ്റ് ക്ലാസ് സര്‍ജന്റ് റാങ്കിലുള്ള സൈനികന്‍ മരിച്ചു. ആക്രമണത്തില്‍ മറ്റ് മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായും സൈന്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സൈന്യം നല്‍കിയിട്ടില്ല. അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 3.5 കിലോമീറ്റര്‍ അകലെ തെക്കന്‍ ലെബനോനിലെ കെട്ടിടങ്ങളില്‍ നടത്തിയ തിരച്ചിലുകള്‍ക്കിടെയാണ് സംഭവം നടന്നതെന്ന് ഇസ്രായിലിലെ വൈനെറ്റ് വാര്‍ത്താ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ബോംബ് സ്ഥാപിച്ച കെട്ടിടത്തില്‍ സൈനികര്‍ പ്രവേശിക്കുകയും ഉടന്‍ തന്നെ ബോംബ് പൊട്ടിത്തെറിക്കുകയുമായിരുന്നു.



