തെഹ്റാൻ– അമേരിക്കൻ നിബന്ധനകൾക്ക് മുന്നിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും ചർച്ചകളിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ഇറാൻ പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. യു.എസ് വാഗ്ദാനങ്ങളോടുള്ള ഇറാന്റെ ഔദ്യോഗിക പ്രതികരണവുമായി പാകിസ്ഥാൻ ആർമി ചീഫ് ജനറൽ ആസിം മുനീർ തെഹ്റാൻ വിട്ടു. പാക് സൈനിക മേധാവി കൈമാറിയ പുതിയ നിർദ്ദേശങ്ങൾ പരിഗണനയിലാണെന്നും എന്നാൽ രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ മൃദുസമീപനം സ്വീകരിക്കില്ലെന്നും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി.
ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന പുതിയ റൗണ്ട് ചർച്ചകൾക്ക് മുന്നോടിയായാണ് ഇറാൻ നിലപാട് കടുപ്പിച്ചത്. ഇതോടെ, ഏപ്രിൽ 8-ന് പാകിസ്ഥാൻ മധ്യസ്ഥതയിൽ ആരംഭിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ ബുധനാഴ്ചയോടെ തകരാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. ചർച്ചകളിൽ ഉടൻ വഴിത്തിരിവ് ഉണ്ടായില്ലെങ്കിൽ യുദ്ധം പുനരാരംഭിച്ചേക്കുമെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
ഇസ്ലാമാബാദില്‍ പ്രതീക്ഷിക്കുന്ന പുതിയ റൗണ്ട് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇറാനുമായുള്ള ആശയവിനിമയം തകര്‍ന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനായി ഇസ്രായില്‍ കാത്തിരിക്കുകയാണെന്ന് ഇസ്രായിലി സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ പെട്ടെന്ന് തകരാനുള്ള സാധ്യതക്ക് ഞങ്ങളും അമേരിക്കക്കാരും തയ്യാറാണ്. യുദ്ധം പുനരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ ഇസ്രായില്‍ സൈന്യവും വ്യോമസേനയും അതീവ ജാഗ്രതയിലാണെന്ന് ഇസ്രായിലി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.



