കോഴിക്കോട്– വെളിച്ചെണ്ണ വില അനുദിനം കുതിച്ചുയരുന്നത് സാധാരണക്കാരെ വലക്കുന്നു. ചില്ലറ വിപണിയില്‍ ലിറ്ററിന് 450 മുതല്‍ 470 രൂപവരെയാണിപ്പോള്‍ ഈടാക്കുന്നത്. അതേസമയം ചക്കിലാട്ടിയ വെളിച്ചെണ്ണക്ക് അഞ്ഞൂറ്റി അമ്പത് രൂപയും അതിനു മുകളിലും ഈടാക്കുന്നവരുമുണ്ടെന്ന് പറയപ്പെടുന്നു. വെളിച്ചെണ്ണ വില ഓരോ ദിനവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് വ്യാപാരികള്‍ പരാതിപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയില്‍ കിലോയ്ക്ക് 100 രൂപയുടെ മുകളിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് കോഴിക്കോട് മൊത്ത വിപണിയില്‍ വെളിച്ചെണ്ണയുടെ വില 39,500 രൂപയാണ്. കോഴിക്കോട്ടെ മില്ലിംഗ് വെളിച്ചെണ്ണയുടെ വില 40,000 രൂപയാണ്. കൊച്ചിയിലെ മൊത്ത വിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ വില ക്വിന്റലിന് 38200 രൂപയായിരുന്നു. തൃശ്ശൂര്‍ വിപണിയില്‍ കഴിഞ്ഞ ദിവസം ക്വിന്റലിന് 38800 രൂപയായിരുന്നു വില. കൊപ്രാക്ഷാമം തുടര്‍ന്നാല്‍ ഓണക്കാലമെത്തുമ്പോള്‍ വെളിച്ചെണ്ണ വില 500 ന് മുകളില്‍ എത്താനും സാധ്യതയുണ്ടെന്നാണ് വാണിജ്യരംഗത്തുള്ളവരുടെ വിലയിരുത്തല്‍.
കേരളത്തിലേക്ക് പ്രധാനമായും തേങ്ങയും, കൊപ്രയും എത്തുന്ന തമിഴ്നാട്ടില്‍ ഉണ്ടായ ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വിപണിയെ പൊള്ളിക്കുന്നതെന്നതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം തേങ്ങ ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങള്‍ ആഭ്യന്തര വ്യവസായ മേഖലയെ ശക്തിപ്പെടുത്താന്‍ പച്ചത്തേങ്ങയുടെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലല്‍ മൊത്തത്തില്‍ വെളിച്ചെണ്ണ വില വര്‍ധിച്ചതെന്ന് കരുതപ്പെടുന്നു. ലോകത്തെ പ്രമുഖ നാളികേര ഉത്പാദക രാജ്യമായ ഇന്തോനേഷ്യ ആറു മാസത്തേക്കാണ് പച്ചത്തേങ്ങക്ക് കയറ്റുമതി നിരേധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്തോനേഷ്യന്‍ വ്യാവസായിക മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. തേങ്ങ അധിഷ്ഠിത വ്യവസായങ്ങള്‍ക്കായി ചൈന ലോകത്ത് കിട്ടാവുന്നിടത്തോളെ തേങ്ങ വാരിക്കൂട്ടുന്നതും വിപണിയിലെ വില ഉയര്‍ത്താന്‍ മറ്റൊരു മുഖ്യകാരണമായി പറയപ്പെടുന്നു. കേരം തിങ്ങും കേരളം എന്ന് പാടിപ്പുകഴത്താറുണ്ടെങ്കിലും ഇവിടെ തേങ്ങ ഉത്പാദനം വളരെ കുറവാണെന്ന് മാത്രമല്ല അനുദിനം കുറഞ്ഞുവരികയുമാണ്.