വാഷിംഗ്ടണ്‍ – ഹോര്‍മുസ് കടലിടുക്കില്‍ ടോളിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഇറാനെ സഹായിച്ചാല്‍ ഒമാനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഭീഷണി മുഴക്കി. അത്തരം നടപടികളില്‍ ഉള്‍പ്പെടുന്ന എല്ലാ കക്ഷികള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് സ്‌കോട്ട് ബെസെന്റ് മുന്നറിയിപ്പ് നല്‍കി. ഒമാന്‍ അടക്കം ഹോര്‍മുസില്‍ ടോളുകള്‍ ഏര്‍പ്പെടുത്താന്‍ നേരിട്ടോ അല്ലാതെയോ കൂട്ടുനില്‍ക്കുന്ന ഏതൊരു രാജ്യത്തെയും യു.എസ് ട്രഷറി വകുപ്പ് ആക്രമണാത്മകമായി ലക്ഷ്യം വെക്കുമെന്നും അതിന് സന്നദ്ധരാകുന്ന ഏതൊരു പങ്കാളിക്കുമെതിരെയും നടപടികള്‍ സ്വീകരിക്കുമെന്നും എക്സിലെ പോസ്റ്റില്‍ ബെസെന്റ് വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കില്‍ ടോളിംഗ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഏതൊരു ശ്രമവും അമേരിക്ക അംഗീകരിക്കില്ലെന്ന്, അമേരിക്കയുമായുള്ള സാധ്യതയുള്ള കരാറിന്റെ ഭാഗമായി ടോള്‍ ഏര്‍പ്പെടുത്താനുള്ള ഇറാന്‍ നിര്‍ദ്ദേശങ്ങളെ പരാമര്‍ശിച്ചുകൊണ്ട് യു.എസ് ട്രഷറി സെക്രട്ടറി പറഞ്ഞു. അമേരിക്കയിലെ ഒമാന്‍ അംബാസഡറുമായി താന്‍ സംസാരിച്ചതായും നിര്‍ണായകമായ ജലപാതയില്‍ ടോള്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതികളൊന്നും തങ്ങള്‍ക്കില്ല എന്ന ഉറപ്പ് അംബാസഡറില്‍ നിന്ന് തനിക്ക് ലഭിച്ചതായും ബെസെന്റ് പിന്നീട് വൈറ്റ് ഹൗസ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഒമാനിലെ വ്യക്തികള്‍ക്കോ ഒമാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കോ ഉപരോധം ഏര്‍പ്പെടുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഞാന്‍ ഒമാന്‍ അംബാസഡറോട് പറഞ്ഞുവെന്ന് ബെസെന്റ് കൂട്ടിച്ചേര്‍ത്തു.



