വാഷിംഗ്ടണ്‍ – ഇറാന്‍ യുദ്ധം മൂലമുണ്ടായ ഊര്‍ജ പ്രതിസന്ധി കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്ന് പ്രധാന യു.എസ് എണ്ണക്കമ്പനികളായ എക്‌സോണ്‍ മൊബീല്‍, ഷെവ്റോണ്‍, കൊണോകോഫിലിപ്‌സ് എന്നിവയുടെ സി.ഇ.ഒമാര്‍ വൈറ്റ് ഹൗസില്‍ നടന്ന യോഗങ്ങളില്‍ പ്രസിഡന്റ് ട്രംപിന്റെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സുപ്രധാനമായ ഹുര്‍മുസ് കടലിടുക്കിലൂടെയുള്ള ഊര്‍ജ പ്രവാഹത്തിലെ തടസ്സങ്ങള്‍ ആഗോള ഊര്‍ജ വിപണികളില്‍ കടുത്ത അസ്ഥിരത സൃഷ്ടിക്കുന്നത് തുടരുമെന്നാണ് കമ്പനി മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയത്.
ഊഹക്കച്ചവടക്കാര്‍ അപ്രതീക്ഷിതമായി വില ഉയര്‍ത്തിയാല്‍ എണ്ണവില നിലവിലെ ഉയര്‍ന്ന നിലയേക്കാള്‍ ഉയരുമെന്നും വിപണികളില്‍ ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങളുടെ ക്ഷാമം അനുഭവപ്പെടാമെന്നും എക്‌സോണ്‍ സി.ഇ.ഒ ഡാരന്‍ വുഡ്‌സ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. സംഘര്‍ഷത്തിന്റെ വ്യാപ്തിയെ കുറിച്ചുള്ള ആശങ്കകള്‍ ചെവ്റോണ്‍ സി.ഇ.ഒ മൈക്ക് വിര്‍ത്തും കൊണോകോഫിലിപ്‌സ് സി.ഇ.ഒ റയാന്‍ ലാന്‍സും പ്രകടിപ്പിച്ചു. ബുധനാഴ്ചത്തെ യോഗങ്ങളില്‍ പ്രസിഡന്റ് ട്രംപ് പങ്കെടുത്തില്ല. യു.എസ് എണ്ണവില അന്ന് ബാരലിന് 87 ഡോളറായിരുന്നു. വെള്ളിയാഴ്ച ബാരലിന് 99 ഡോളറായി ഉയര്‍ന്നു.
റഷ്യന്‍ എണ്ണക്കുമേലുള്ള ഉപരോധങ്ങള്‍ ലഘൂകരിക്കുക, അടിയന്തര ഊര്‍ജ ശേഖരത്തില്‍ നിന്ന് ഗണ്യമായി എണ്ണ പിന്‍വലിക്കുക, യു.എസ് തുറമുഖങ്ങള്‍ക്കിടയിലുള്ള അസംസ്‌കൃത എണ്ണയുടെ ഒഴുക്ക് നിയന്ത്രിക്കുന്ന നിയമം റദ്ദാക്കുക എന്നിവയുള്‍പ്പെടെ എണ്ണവില കുറക്കുമെന്ന് പ്രതീക്ഷിക്കുന്ന നിരവധി നടപടികള്‍ വൈറ്റ് ഹൗസ് നടപ്പാക്കുകയോ നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുകയോ ചെയ്യുന്നുണ്ട്. വെനിസ്വേലക്കും അമേരിക്കക്കും ഇടയിലുള്ള എണ്ണ പ്രവാഹം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ എണ്ണ കമ്പനി എക്‌സിക്യൂട്ടീവുകളോട് പറഞ്ഞു. ആഗോള ഊര്‍ജ വിപണികളെ സ്ഥിരപ്പെടുത്താനായി ഊര്‍ജ കമ്പനികളുമായി സഹകരിച്ച് ട്രംപ് ഭരണകൂടം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യു.എസ് ആഭ്യന്തര സെക്രട്ടറി ഡഗ് ബര്‍ഗം വ്യക്തമാക്കി. ഊര്‍ജ വിതരണത്തിലെ തടസ്സങ്ങള്‍ ലഘൂകരിക്കുന്നതിന് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റും ട്രംപ് ഭരണകൂടവും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് തുടരുമെന്ന് ഊര്‍ജ വകുപ്പ് വക്താവ് ബെന്‍ ഡയട്രിച്ച് അറിയിച്ചു.
എണ്ണ കമ്പനി മേധാവികളുമായുള്ള യോഗങ്ങളെ ഉല്‍പ്പാദനക്ഷമമെന്ന് ട്രംപ് ഭരണകൂടം വിശേഷിപ്പിച്ചു. പ്രതിസന്ധിക്ക് ട്രംപ് ഭരണകൂടത്തെ എക്‌സിക്യൂട്ടീവുകളില്‍ ആരും കുറ്റപ്പെടുത്തിയില്ല. എന്നിരുന്നാലും, ലഭ്യമായ ഓപ്ഷനുകള്‍ പ്രതിസന്ധി തടയാന്‍ കാര്യമായൊന്നും ചെയ്യില്ല എന്നാണ് എണ്ണ വ്യവസായ മേഖലയിലെ പലരും ഭയപ്പെടുന്നത്. ലോകത്തിലെ ദൈനംദിന എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്നും കടന്നുപോകുന്ന ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുക എന്നതാണ് ഏക പരിഹാരം. അല്ലാത്തപക്ഷം, ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന വിലയുടെ സമ്മര്‍ദം ആഗോള സമ്പദ്വ്യവസ്ഥയെ വളരെയധികം ബാധിക്കുകയും അത് ഇന്ധന ആവശ്യകത കുറക്കുകയും ചെയ്യും.
വിലകള്‍ ഇനിയും ഉയരുമെന്ന് ട്രംപ് ഭരണകൂടം അംഗീകരിക്കുന്നുണ്ടെങ്കിലും നിലവില്‍ തങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന ഭരണകൂട ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് ഓപ്ഷനുകള്‍ ഉണ്ടെന്നും, മാസങ്ങള്‍ക്കുള്ളില്‍ അല്ല, ആഴ്ചകള്‍ക്കുള്ളില്‍ ഇത് സംഭവിക്കണമെന്ന് ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെന്നും സ്രോതസ്സ് പറയുന്നു. ഉയര്‍ന്ന എണ്ണ വില ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സാഹചര്യത്തിനായി തങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് ചില എണ്ണ വ്യവസായ എക്‌സിക്യൂട്ടീവുകള്‍ ചൂണ്ടികാണിച്ചു. ഇത് ഹ്രസ്വകാലത്തേക്ക് എണ്ണ കമ്പനികളുടെ ലാഭം വര്‍ധിപ്പിച്ചേക്കാം. പക്ഷേ ആത്യന്തികമായി എണ്ണ മേഖലയെയും സമ്പദ്വ്യവസ്ഥയെയും ദോഷകരമായി ബാധിച്ചേക്കും.
ഊര്‍ജ വില ഉയരുന്നതിനെ കുറിച്ച് കഴിഞ്ഞ വ്യാഴാഴ്ച ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് പറഞ്ഞത് വലിയ വിവാദങ്ങളിലേക്ക് വഴി വെച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യമാണ് അമേരിക്ക. അതിനാല്‍ എണ്ണ വില ഉയരുമ്പോള്‍, ഞങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാന്‍ കഴിയുമെന്നാണ് ട്രംപ് പറഞ്ഞത്.
ബാരലിന് 100 ഡോളറില്‍ കൂടുതലുള്ള വിലകള്‍ ഹ്രസ്വകാലത്തേക്ക് ഉല്‍പാദകര്‍ക്ക് ഗുണം ചെയ്യുന്നുമെങ്കിലും, ഈ വിലനിലവാരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുകയും ഇന്ധന ഉപഭോഗം കുറയുകയും ചെയ്യും. ഇത് അസംസ്‌കൃത എണ്ണയുടെ വിലയില്‍ കുത്തനെ ഇടിവിന് കാരണമാകും. ഇത് ഉല്‍പാദകരെ ഉല്‍പാദനം കുറക്കാനും ചെലവ് കുറക്കാനും തൊഴിലാളികളെ പിരിച്ചുവിടാനും നിര്‍ബന്ധിതരാക്കും. ചെലവ് നിയന്ത്രിക്കാനും ഉയര്‍ന്ന എണ്ണവിലക്ക് ശ്രമിക്കാതിരിക്കാനും നിക്ഷേപകര്‍ എണ്ണ കമ്പനികളുടെ മേല്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്.
അടുത്തിടെ യു.എസ് എണ്ണ കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയതായും ഉയര്‍ന്ന വിലയോട് പ്രതികരിച്ച് അവര്‍ ഉല്‍പാദന വര്‍ധനവ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡഗ് ബര്‍ഗം പറഞ്ഞു. എന്നാല്‍ ആഭ്യന്തര ഉല്‍പാദനത്തില്‍ വരുത്തുന്ന വര്‍ധനവ് പരിമിതമായിരിക്കുമെന്നും നിലവിലെ ആഗോള ഉല്‍പാദനത്തിന് പകരമാകില്ലെന്നും വ്യവസായ ഉദ്യോഗസ്ഥര്‍ പറയുന്നു.



