വാഷിംഗ്ടൺ– മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരെയും ഇറാനെതിരെയും ഗുരുതരമായ ആരോപണങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകമെമ്പാടുമുള്ള ജനങ്ങളെ ഭയപ്പെടുത്താൻ ഇറാൻ ഉപയോഗിച്ച പണം കൈമാറിയത് ബരാക് ഒബാമയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയിലെ വിർജീനിയ, വാഷിംഗ്ടൺ, മേരിലാൻഡ് എന്നിവിടങ്ങളിലെ ബാങ്കുകളിൽ നിന്ന് പിൻവലിച്ച 170 കോടി ഡോളർ ഒബാമ ഭരണകൂടം ഇറാനു നൽകുകയായിരുന്നുവെന്നും ഈ തുക മുഴുവൻ വിമാനത്തിലാണ് അവർ കടത്തിയതെന്നും ട്രംപ് ആരോപിച്ചു. ഇറാന്റെ ബഹുമാനവും വിശ്വസ്തതയും വാങ്ങാനാണ് ഒബാമ ശ്രമിച്ചതെങ്കിലും അത് പരാജയപ്പെടുകയാണ് ഉണ്ടായതെന്നും അദ്ദേഹം പരിഹസിച്ചു. ഒബാമയെ പരിഹസിച്ച ഇറാൻ, ആണവ ബോംബ് സ്വന്തമാക്കാനുള്ള ദൗത്യവുമായി മുന്നോട്ട് പോകുകയാണ് ചെയ്തത്. ഒബാമ ഒപ്പിട്ട ആണവ കരാർ ഇറാനെ വൻ ആണവായുധ ശേഖരത്തിലേക്ക് നയിക്കുമായിരുന്നുവെന്നും, താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ വർഷങ്ങൾക്കു മുൻപ് തന്നെ അവർ അത് പ്രയോഗിക്കുമായിരുന്നെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഒന്നാം ലോകമഹായുദ്ധത്തില്‍ അമേരിക്കയുടെ പങ്കാളിത്തം ഒരു വര്‍ഷവും ഏഴ് മാസവും അഞ്ച് ദിവസവും നീണ്ടുനിന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. രണ്ടാം ലോകമഹായുദ്ധം മൂന്ന് വര്‍ഷവും എട്ട് മാസവും ഇരുപത്തിയഞ്ച് ദിവസവും നീണ്ടുനിന്നു. കൊറിയന്‍ യുദ്ധം മൂന്ന് വര്‍ഷവും ഒരു മാസവും രണ്ട് ദിവസവും നീണ്ടുനിന്നിരുന്നു. വിയറ്റ്‌നാം യുദ്ധം 19 വര്‍ഷവും 5 മാസവും 29 ദിവസവും ഇറാഖ് യുദ്ധം 8 വര്‍ഷവും 8 മാസവും 28 ദിവസവും നീണ്ടുനിന്നുവെന്നും ട്രംപ് ചൂണ്ടികാട്ടി. ഞങ്ങള്‍ ഇറാനെതിരായ സൈനിക നടപടി 32 ദിവസമായി നടത്തിവരികയാണ്. ഇറാന്‍ തകര്‍ന്നിരിക്കുന്നു. ഇറാന്‍ ഒരു യഥാര്‍ഥ ഭീഷണിയല്ലാതായി മാറിയിരിക്കുന്നു. ഹുര്‍മുസ് കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് തങ്ങളുടെ ഊര്‍ജ വിതരണങ്ങള്‍ സുരക്ഷിതമാക്കുന്നതിന് രണ്ട് ഓപ്ഷനുകളുണ്ട്. അമേരിക്കന്‍ എണ്ണ വാങ്ങുക എന്നതാണ് ആദ്യ ഓപ്ഷന്‍. നിങ്ങളുടെ ധൈര്യം സംഭരിച്ച് നിങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ സ്വയം ലഭ്യമാക്കാന്‍ ഹുര്‍മുസ് കടലിടുക്കിലേക്ക് പോകുക എന്നതാണ് രണ്ടാമത്തെ ഓപ്ഷന്‍. ഹുര്‍മുസ് കടലിടുക്കിലെ നാവിഗേഷന്‍ സ്വാതന്ത്ര്യത്തെ ചുറ്റിപ്പറ്റിയുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സമയത്ത്, ഗള്‍ഫ് മേഖലയിലെ അമേരിക്കയുടെ താല്‍പ്പര്യങ്ങളെയും സഖ്യകക്ഷികളെയും സംരക്ഷിക്കാന്‍ അമേരിക്കക്ക് കഴിയുമെന്ന് ട്രംപ് വ്യക്തമാക്കി.
യുദ്ധത്തില്‍ ഇറാന് കനത്ത നഷ്ടം സംഭവിച്ചു. ഇറാന്‍ നേതാക്കളില്‍ വളരെ കുറച്ചുപേര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. യുദ്ധചരിത്രത്തില്‍ ഒരു ശത്രുവിന് ആഴ്ചകള്‍ക്കുള്ളില്‍ ഇത്രയും വ്യക്തവും കനത്തതുമായ നഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. നമ്മുടെ ശത്രുക്കള്‍ തോല്‍ക്കുകയാണ്. താന്‍ പ്രസിഡന്റ് പദവി വഹിക്കുന്നതിനു കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അമേരിക്ക വിജയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ എക്കാലത്തേക്കാളും കൂടുതല്‍ വിജയിക്കുന്നു. ഇറാന്‍ നാവികസേന അപ്രത്യക്ഷമായി, ഇറാന്‍ വ്യോമസേന നശിപ്പിക്കപ്പെട്ടു, അവരുടെ മിക്ക കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടു, ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ശേഷികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു, ഞങ്ങള്‍ മിസൈല്‍ ഫാക്ടറികള്‍ നശിപ്പിച്ചുവെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.



