ജിദ്ദ – ബ്രിട്ടീഷ് നഗരമായ സണ്‍ഡര്‍ലാന്‍ഡില്‍ ബലാത്സംഗ ശ്രമത്തില്‍ നിന്ന് യുവതിയെ രക്ഷിച്ച് സൗദി വിദ്യാര്‍ഥി ഹംസ അല്‍ബാര്‍. ഇയാന്‍ ഹഡ്സണ്‍ എന്ന യുവാവാണ് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. 42 കാരനായ ഇയാന്‍ ഹഡ്സണ്‍ ഇടനാഴിയില്‍ വെച്ച് യുവതിയെ കീഴ്‌പ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നത് സമീപത്തു കൂടി കടന്നുപോവുകയായിരുന്ന 23 കാരനായ സൗദി വിദ്യാര്‍ഥിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നെന്ന് സണ്‍ഡര്‍ലാന്‍ഡ് എക്കോ പത്രം റിപ്പോര്‍ട്ട് ചെയ്തു.വിദ്യാര്‍ഥി ഉടന്‍ തന്നെ അക്രമിയെ നേരിട്ടു. ഇതോടെ അയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ യുവാവ് അക്രമിയെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തി. ഇതിനിടെ ഹംസ അല്‍ബാറിന് മുഖത്ത് ശക്തമായ അടിയേറ്റു.
അക്രമിയെ പിടികൂടിയ ശേഷം പോലീസുമായി ബന്ധപ്പെടാന്‍ ഹംസ വഴിയാത്രക്കാരുടെ സഹായം തേടി. വൈകാതെ പോലീസുകാര്‍ സ്ഥലത്തെത്തി അക്രമിയെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും സണ്‍ഡര്‍ലാന്‍ഡ് എക്കോ റിപ്പോര്‍ട്ട് ചെയ്തു. കസ്റ്റഡിയിലിരിക്കെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ഹഡ്സണ്‍, മറ്റ് കുറ്റകൃത്യങ്ങളിലും പങ്കാളിയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
സൗദി യുവാവിനെ ആക്രമിച്ചത് കൂടാതെ എട്ട് കുറ്റങ്ങളില്‍ പ്രതി കുറ്റക്കാരനാണെന്ന് ന്യൂകാസില്‍ ക്രൗണ്‍ കോടതി കണ്ടെത്തി. ഹഡ്സണെ കോടതി ഒമ്പത് വര്‍ഷം തടവിന് ശിക്ഷിച്ചു. അപകടകരമായ കുറ്റവാളി എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ തടവു ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം അഞ്ച് വര്‍ഷം പ്രതിയെ നിരീക്ഷണത്തിലാക്കാനും ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ആജീവനാന്തം ഉള്‍പ്പെടുത്താനും കോടതി വിധിച്ചു.
ഹംസ അല്‍ബാറിന്റെ ധീരതയെ ജഡ്ജി പ്രശംസിച്ചു. കൂടുതല്‍ ഗുരുതരമായ കുറ്റകൃത്യം തടയുന്ന രീതിയില്‍ ഇടപെട്ട് അദ്ദേഹം ധൈര്യപൂര്‍വം പ്രവര്‍ത്തിച്ചുവെന്നും ഇരയെ രക്ഷിച്ചുവെന്നും ജഡ്ജി പറഞ്ഞു.



