റിയാദ്- : സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഈ വര്‍ഷം നടപ്പിലാക്കിയ മള്‍ട്ടിപ്ള്‍ ഉംറ വിസ തീര്‍ഥാടകര്‍ക്ക് ലഭ്യമായി തുടങ്ങി. 365 ദിവസ കാലാവധിയുള്ള ഈ വിസയില്‍ ഒരു വര്‍ഷം സൗദിയില്‍ 90 ദിവസം താമസിക്കാനാകും. 90 ദിവസത്തിനുള്ളില്‍ എത്ര തവണയും സൗദിക്ക് പുറത്തുപോയി വരാനാവുമെന്നതാണ് പ്രത്യേകത.
ഇതുവരെ 90 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസയായിരുന്നു ഉണ്ടായിരുന്നത്. ഈ വര്‍ഷം അപേക്ഷകര്‍ക്കെല്ലാം മള്‍ട്ടിപ്ള്‍ എന്‍ട്രി ഉംറ വിസയാണ് ലഭിക്കുന്നത്. ഒരു പ്രാവശ്യം ഉംറ നിര്‍വഹിച്ച് തിരിച്ചുപോയാല്‍ പിന്നീട് സൗദിയിലേക്കുള്ള ഓരോ എന്‍ട്രിക്കും ചില നിബന്ധനകള്‍ പാലിക്കണമെന്ന് മാത്രം. ഇല്ലെങ്കില്‍ വിമാനത്താവളങ്ങളില്‍ നിന്ന് തിരിച്ചയക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പോകുന്നതിന് മുമ്പ് സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നുസ്‌ക് ആപ്ലിക്കേഷന്‍ വഴി ഉംറയുടെ പെര്‍മിറ്റ് (തസ്‌രീഹ്) എടുക്കണം. പോകാനും തിരിച്ചുവരാനുമുള്ള വിമാനടിക്കറ്റ്, ഹോട്ടല്‍ ബുക്കിംഗ് അടക്കം ഉംറ കമ്പനിയുടെ അംഗീകൃത പാക്കേജും എടുക്കണം. സൗദിയില്‍ ജോലി ചെയ്യുന്ന വ്യക്തികളുടെ ആതിഥേയത്വത്തിലാണെങ്കില്‍ അവരുടെ ഇഖാമ കാലാവധിയുള്ളതായിരിക്കണം. ഓരോ എന്‍ട്രിയിലും ഉംറ വിസ ആക്ടീവ് ആകാന്‍ ഇത്രയും നിബന്ധനകള്‍ പാലിച്ചിരിക്കണം. ഓരോ തിരിച്ചുപോക്കിന് ശേഷവും വിസയുടെ ബാക്കിദിവസങ്ങള്‍ അപ്‌ഡേറ്റ് ആകും. എന്നാല്‍ ഒരു വര്‍ഷം 90 ദിവസത്തിലധികം സൗദിയില്‍ താമസിക്കാനാകില്ല. താമസിച്ചാല്‍ പിഴയും പ്രവേശനവിലക്കുമുണ്ടാകും.
ഹജ്ജ് സീസണില്‍ അഥവാ ദുല്‍ഖഅ്ദ ഒന്നു മുതല്‍ ദുല്‍ഹിജ്ജ 13 വരെ കാലയളവില്‍ മള്‍ട്ടിപ്ള്‍ ഉംറ വിസ ഉപയോഗിച്ച് പ്രവേശനമുണ്ടാകില്ലെന്ന് മന്ത്രാലയം അറിയിച്ചു.







